*കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനമില്ലെങ്കിലും കിനാലൂരില്‍ എയിംസിനായി 40 ഏക്കര്‍ ഭൂമികൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.*
കിനാലൂര്‍, കാന്തലാട് വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ജനവാസമുള്ള 40 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കാനാണ് ഉത്തരവ്.
കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തിന്റെ കാറ്റാടി, ചാത്തന് വീട്, കിഴക്കെ കുറുമ്ബൊയില്‍, കാന്തലാട് ഭാഗങ്ങളിലായി 160 ഏക്കര്‍ ഭൂമി വ്യവസായ വകുപ്പ് നേരത്തെ തന്നെ എയിംസിനായി വിട്ടുകൊടുത്തിട്ടുണ്ട്. ഇതിനു പുറമെ അധികമായി കണ്ടെത്തിയ 40 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാനാണ് ഉത്തരവിറങ്ങിയിട്ടുള്ളത്. എയിംസ് സ്ഥാപിക്കാനായി 200 ഏക്കര്‍ ഭൂമി കൈമാറുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറില്‍ തന്നെ അധിക ഭൂമി ഏറ്റെടുക്കാനുള്ള നടപടി ആരംഭിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. റവന്യൂ വകുപ്പ് സ്ഥലത്തിന്റെ ലഭ്യത സംബന്ധിച്ച് വിശദമായ സ്കെച്ചും തയാറാക്കി നല്‍കിയിരുന്നു. വില്ലേജ് ഓഫിസുകളില്‍നിന്നും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ നേരത്തെതന്നെ താലൂക്കു ഓഫിസിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.