മദ്യ ലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി സ്‌കൂട്ടറിൽ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച സംഭവത്തിൽ യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് മുചുകുന്ന് സ്വദേശി ജിത്തുവിനെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തത്.
കോഴിക്കോട് കൊയിലാണ്ടിയിലാണ് മുചുകുന്ന് സ്വദേശി ജിത്തു പെരുമ്പാമ്പിനെ പിടിച്ചത്. പാമ്പിനെ കഴുത്തിലിട്ട് പ്രദർശിപ്പിച്ച ശേഷം സ്‌കൂട്ടറിന്റെ പുറകിൽ വച്ചാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കഴിഞ്ഞമാസം 30 ന് രാത്രിയാണ് സംഭവം നടന്നത്. മദ്യലഹരിയിൽ സ്‌കൂട്ടറിൽ വരുന്ന വഴിയാണ് ജിത്തു പെരുമ്പാമ്പിനെ വഴിയരികിൽ കാണുന്നത്. ഉടൻ വണ്ടി നിർത്തി പാമ്പിനെയെടുത്ത് പിന്നിലെ സീറ്റിൽ വയ്ക്കുകയായിരുന്നു.
പൊലീസുകാർക്ക് ജിത്തു നൽകിയ പാമ്പിനെ പൊലീസ് വനപാലകർക്ക് കൈമാറി. വനപാലകർക്ക് നൽകിയ പാമ്പിനെ കാട്ടിൽ വിട്ടിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പാമ്പിനെ കിട്ടിയതിന് പിന്നിൽ അങ്ങനെയൊരു കഥയുണ്ടെന്ന് വനം വകുപ്പ് അറിയുന്നത്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Tags:
Local