Trending

നാളെ മുതൽ താമരശ്ശേരിയിൽ ഗതാഗത നിയന്ത്രണം




താമരശ്ശേരി ടൗണിലെ ഏറ്റവും തിരക്കേറിയ ഭാഗമായ ജില്ലാ ട്രഷറിക്കും
ബസ് ബേക്കും റെസ്റ്റ് ഹൗസിനും മുന്നിലുള്ള ദേശീയ പാതയിലെ കലുങ്കിൻ്റെയും ഓവു ചാലുകളുടെയും പുനർ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ നാളെ മുതൽ പണി പൂർത്തിയാവുന്നത് വരെ താമരശ്ശേരിയുടെ ഹൃദയതാളം ഭാഗികമായി നിശ്ചലമാവും ...

വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്കുള്ള വാഹനങ്ങൾ ചുങ്കം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കൂടത്തായ് റോഡുവഴി കാരാടി ജംഗ്ഷനിലെത്തി ദേശീയപാതയിലൂടെയും വയനാട്ടിലേക്കുള്ള വാഹനങ്ങൾ വൺവേയായി താമരശ്ശേരി ടൗണിലൂടെയുമാണ് നാളെ മുതൽ കടന്ന് പോകുക ...

വേങ്ങാക്കുന്നിലും , ആലപ്പടിക്കുന്നിലും പെയ്യുന്ന മഴവെള്ളം താമരശ്ശേരി ടൗണിലേക്ക് ഒഴുക്കിക്കൊണ്ടു വരുന്ന കല്ലും മണ്ണും മണലും ചരലും നിറഞ്ഞ് എന്നോ മൂടിപ്പോയതാണ് ഇവിടുത്തെ കലുങ്കും ഇരുവശത്തുമുള്ള ഓവു ചാലുകളും . മഴവെള്ളത്തിൻ്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ട് ദേശീയപാത വെള്ളത്തിൽ മുങ്ങുക ഇവിടെ പതിവുകാഴ്ച്ചയാണ് ...

നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ താമരശ്ശേരിക്ക് എന്നും കീറാമുട്ടിയായ വെള്ളക്കെട്ടിന് പരിഹാരമാവുമെന്ന സന്തോഷത്തിലാണ് നാട്ടുകാരും ഇവിടുത്തെ കച്ചവടക്കാരും . ഭാവിയിലേക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിൽ നീരൊഴുക്കിന്‌ തടസ്സമില്ലാത്ത ആഴത്തിലുള്ള ഓവുചാലുകളും കലുങ്കുമാണ് താമരശ്ശേരിയുടെ
പട്ടണനടുവിൽ നിർമ്മിക്കേണ്ടത് . പെരുമഴയത്ത് ടാറിംഗ് നടത്തി കഴിവു തെളിയിച്ച എഞ്ചിനിയറിംഗ് വൈഭവത്തിൻ്റെ തുടർച്ച ഇവിടെയും പരീക്ഷിച്ചാൽ താമരശ്ശേരിയുടെ ഈ ഹൃദയഭാഗം എന്നും മഴക്കാല നാളിൽ നിറയുന്ന പുഴയായ് തന്നെ നിലനിൽക്കും ...


Post a Comment

Previous Post Next Post