Trending

കരിയാത്തുംപാറ: തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു




കൂരാച്ചുണ്ട്: സുരക്ഷാഭീഷണിയെത്തുടർന്ന് അടച്ചിട്ട കരിയാത്തുംപാറ വിനോദസഞ്ചാരമേഖലയുടെ റിസർവോയർ ഭാഗമായ പാറക്കടവ് ഫെബ്രുവരി ഒന്നിന് സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കേന്ദ്രം തുറക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല.

പാറക്കടവിൽ തുടർച്ചയായുണ്ടാകുന്ന മുങ്ങിമരണങ്ങളെയും അപകടങ്ങളെയും തുടർന്ന്‌ കഴിഞ്ഞ ഒക്ടോബറിലാണ് കേന്ദ്രം അടച്ചത്. തോണിക്കടവ് ടൂറിസംകേന്ദ്രം തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രധാന ആകർഷണമായ റിസർവോയർ പാറക്കടവ് ഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കി, പ്രദേശത്ത് രക്ഷാപ്രവർത്തകരെ നിയമിച്ച് കേന്ദ്രം തുറക്കാനായിരുന്നു തീരുമാനം. എത്രയുംപെട്ടെന്ന് കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.


കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം ഉടൻ തുറന്നു കൊടുക്കണമെന്ന് കേരള കോൺഗ്രസ് (എം.) കല്ലാനോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തോണിക്കടവിലെയും കരിയാത്തുംപാറയിലെയും അനന്തമായ ടൂറിസ്റ്റ് സാധ്യതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. കാർഷികമേഖല തകർന്നിരിക്കുന്ന അവസ്ഥയിൽ പ്രദേശവാസികൾക്ക് ഗുണകരമാകുന്ന രീതിയിൽ വികസനം സാധ്യമാക്കണമെന്നാണ് ആവശ്യം.


ജില്ലാ പ്രസിഡൻറ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് തോമസ് കുമ്പുക്കൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അരുൺ ജോസ്, ജോസഫ് വെട്ടുകല്ലേൽ, ബേബി കാപ്പുകാട്ടിൽ, ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് എം.ടി. രാഘവൻ, ബേബി കൂനന്താനം, ബേബി പൂവത്തിങ്കൽ, വിൽസൺ പാത്തിച്ചാലിൽ, സിനി ഷിജോ, കെ.സി. തോമസ്, ടോം തടത്തിൽ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post