പാലക്കാട് : കഴിഞ്ഞ രണ്ട് ദിവസമായി കേരളം നോക്കിക്കണ്ടത് ഒരാൾക്കായുള്ള കേരളത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ്. പാലക്കാട് മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാദൗത്യം. അങ്ങനെ 45 മണിക്കൂറിന് ശേഷം മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) വിനെ സൈന്യം മലയിടുക്കിൽ നിന്ന് രക്ഷിച്ചു.രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെല്റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്.
കേണൽ ശേഖർ അത്രിയാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്. സൈനികൻ ബാലയാണ് ബാബുവിനെ നെഞ്ചോട് ചേർത്ത് താഴെയെത്തിച്ചത്.ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന.
ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു.ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു.
വെള്ളമോ ഭക്ഷണമോ നൽകാൻ യന്ത്രങ്ങൾക്ക് പോലും എത്തിപ്പെടാൻ സാധിക്കാത്ത വിധത്തിൽ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവർത്തനത്തിന്റെ മണിക്കൂറുകളിൽ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തിൽ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാൻ ബാബുവിന് കഴിഞ്ഞു എന്നതാണ് നിർണായകമായത്.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. കാലിന് ചെറിയ പരിക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്. കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ത്ഥിക്കുകയായിരുന്നു