തിരുവനന്തപുരം : രാത്രികാലങ്ങളിൽ ഏർപ്പെടുത്തിയ വൈദ്യുത നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. കൽക്കരി ക്ഷാമം കാരണമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ആന്ധ്രയിലെ കമ്പനിയുമായി ചേർന്ന് ബദൽ മാർഗം കണ്ടെത്തിയിട്ടുണ്ട്. പരമാവധി ഉപയോഗം കുറച്ച് ഉപയോക്താക്കൾ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
താപവൈദ്യുതിയുടെ ഉൽപ്പാദനം കുറഞ്ഞതോടെ 10.7 ജിഗാ വാട്ടിന്റെ കുറവ് രാജ്യത്ത് നേരിടുന്നുണ്ട്. 14 സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കേരളത്തില്‍ വ്യാഴാഴ്ച പീക്ക് സമയത്ത് (വൈകിട്ട് 6.30 മുതൽ രാത്രി 11.30 വരെ) 4,580 മെഗാവാട്ട് വൈദ്യുതി ഉപയോഗം പ്രതീക്ഷിക്കുന്നു.
മൈഥോൺ പവർ സ്റ്റേഷൻ (ജാർഖണ്ഡ്) 135 മെഗാവാട്ട് ഉൽപാദനക്കുറവ് അറിയിച്ചിട്ടുണ്ട്. അതിനാൽ സംസ്ഥാനത്ത് 400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതി കുറച്ചായിരിക്കും വൈകിട്ട് ലഭ്യമാകുക. ഇത് തരണം ചെയ്യാനായാണ് വൈദ്യുതി ഉപയോഗത്തിൽ വൈകിട്ട് 6.30 മുതൽ രാത്രി 11.30 വരെ ക്രമീകരണം ഏര്‍പ്പെടുത്തുന്നുണ്ട്.
സംസ്ഥാനത്ത് ഇന്നു വൈകിട്ട് ആറിനും 11.30 നും മധ്യേ 15 മിനിട്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. നഗരങ്ങളിലും ആശുപത്രികളിലും വൈദ്യുതി നിയന്ത്രണമില്ല. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ കുറവ് വന്നതിനാലാണ് നിയന്ത്രണം.