*1️⃣കോവിഡ് നാലാംതരംഗ ഭീഷണി; ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി.*
*ന്യൂഡൽഹി:* കോവിഡ് നാലാംതരംഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനമുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസ് മുഖാന്തരമാണ് യോഗം. രാജ്യത്തെ കോവിഡ് സാഹചര്യം, ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങൾ, വാക്സിൻ വിതരണത്തിന്റെ തൽസ്ഥിതി എന്നിവ വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
ചില സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വിളിച്ചുചേർത്തിരിക്കുന്നതിനാൽ യോഗത്തിന് ഏറെ പ്രധാന്യമുണ്ട്. കോവിഡ് കേസുകളിൽ വർധന റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ ഡൽഹി, പഞ്ചാബ്, ഹരിയാണ, ഉത്തർ പ്രദേശ്, കർണാടക തുടങ്ങിയ ഇടങ്ങളിൽ മാസ്ക് ധരിക്കൽ വീണ്ടും നിർബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,483 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൊട്ടുമുൻപത്തെ ദിവസം 2,541 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ആക്ടീവ് കേസുകളുടെ എണ്ണം 16,522ൽനിന്ന് 15,636ൽ എത്തിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്. 0.55 ശതമാനമാണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് ആറ് മുതൽ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ ഡി.സി.ജി.ഐയുടെ (ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) അനുമതി നൽകിയിട്ടുമുണ്ട്. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വാക്സിൻ നിയന്ത്രണങ്ങളോടെ ഉപയോഗിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്.
കുട്ടികളിലെ വാക്സിന്റെ ഉപയോഗം സംബന്ധിച്ച് സുരക്ഷാവിവരങ്ങൾ പതിനഞ്ച് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ ഭാരത് ബയോടെക്കിനോട് ഡി.സി.ജി.ഐ നിർദേശിച്ചു. ആദ്യ രണ്ട് മാസത്തേക്ക് 15 ദിവസം കൂടുമ്പോഴുള്ള സമ്പൂർണ റിപ്പോർട്ട് ഉൾപ്പെടെ സമർപ്പിക്കണം. രണ്ട് മാസത്തിന് ശേഷം ഒരു മാസം കൂടുമ്പോഴുള്ള റിപ്പോർട്ട് ആണ് സമർപ്പിക്കേണ്ടത്. അഞ്ച് മുതൽ പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് കോർബെവാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നേരത്തെ നൽകിയിരുന്നു.
*2️⃣കുട്ടികളിൽ മൂന്ന് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി.*
12 വയസിന് താഴെയുള്ള കുട്ടികളിൽ 3 വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രസ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ, ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബെവാക്‌സ്, കാഡില്ല ഹെൽത്ത് കെയറിന്റെ സൈക്കോവ്ഡി എന്നിവക്കാണ് അനുമതി നൽകിയത്.
കൂടുതൽ വാക്‌സിനുകൾക്ക് അനുമതി ലഭിച്ചതോടെ രാജ്യത്ത് കുട്ടികൾക്കുള്ള കുത്തിവെപ്പിന് ആരോഗ്യമന്ത്രാലയം ഉടൻ അനുമതി നൽകിയേക്കും. നിലവിൽ 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമാണ് വാക്‌സിൻ നൽകാനുള്ള അനുമതി ഉള്ളത്.
ആറ് വയസിനും 12 വയസിനും മധ്യേ പ്രായമുള്ള കുട്ടികളിൽ കൊവാക്‌സിനും, അഞ്ച് മുതൽ 12 വയസിനിടയിലുള്ള കുട്ടികളിൽ കോർബിവാക്‌സും, 12 വയസിന് മുകളിലുള്ള കുട്ടികളിൽ സൈകോവ് ഡിയുമാണ് ഉപയോഗിക്കുക.
*3️⃣മാലിന്യമുക്തമാകാത്ത കേരളത്തിലെ പുഴകൾ; നീക്കം ചെയ്യാനുള്ളത് മൂന്നുകോടി ക്യുബിക് മീറ്റര്‍ മാലിന്യം…*
മഴക്കാലം കേരളത്തിന് ഇപ്പോൾ ദുരിതക്കാലമാണ്. നിർത്താതെ പെയ്യുന്ന മഴയിൽ മുങ്ങുന്ന റോഡുകളും പുഴകളും വീടുകളും സ്ഥിര കാഴ്ചകളായി മാറുകയാണ്. വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന കേരളത്തെ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തുടർച്ചയായി നമ്മൾ കണ്ടതാണ്. വീണ്ടുമൊരു മഴക്കാലം എത്താനായി. കേരളത്തിന്റെ പുഴകളിൽ മൂന്നുകോടി ക്യുബിക് മീറ്റര്‍ മാലിന്യവും ചെളിയും അടിഞ്ഞുകൂടി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2018, 2019 വർഷങ്ങളിൽ സംഭവിച്ച പ്രളയത്തിന്റെ അവശേഷിപ്പുകളാണ് ഇവ. കേരളത്തിലെ 44 പുഴകളിലായി അടിഞ്ഞുകൂടിയ എക്കലിന്റെയും ചെളിയുടെയും അളവാണിത്.
ഓരോ നദികളുടെയും ചുമതല അതത് ജലസേചനവകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ക്ക് നല്‍കി സർക്കാർ നടത്തിയ പ്രാഥമിക പഠനത്തിലാണ് ഈ കണക്കുകള്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ 3.01 കോടി ക്യുബിക് മീറ്റര്‍ ചെളിയും മാലിന്യവുമാണ് കേരളത്തിലെ നദികളില്‍ നിന്ന് നീക്കം ചെയ്യാൻ ജലസേചനവകുപ്പ് ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18,52,674.33 ക്യൂബിക് മീറ്റര്‍ ചെളിയും പാഴ്-വസ്തുക്കളും നീക്കം ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
18,52,674.33 ക്യൂബിക് മീറ്റര്‍ ചെളിയും പാഴ്വസ്തുക്കളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഏറ്റവും കൂടുതൽ മാലിന്യം അടിഞ്ഞിരിക്കുന്നത് പെരിയാറിലാണ്. 1.83 കോടി ക്യുബിക് മീറ്റര്‍ ചെളിയും മാലിന്യവുമാണ് പെരിയാറിൽ ഉള്ളത്. ഇതുവരെ ഇതിൽ നിന്ന് മാലിന്യങ്ങളൊന്നും നീക്കം ചെയ്തിട്ടില്ല. മണിമലയാറില്‍ നിന്ന് 28.76 ലക്ഷം ക്യുബിക് മീറ്റര്‍, മീനച്ചിലാറില്‍ നിന്ന് 15.22 ലക്ഷം ക്യുബിക് മീറ്റര്‍, പമ്പയിൽ നിന്ന് 13.21 ലക്ഷം ക്യുബിക് മീറ്റര്‍ എന്നിങ്ങനെയാണ് കണക്കുകൾ.
ഏറ്റവും കുറവ് മാലിന്യങ്ങൾ അടിഞ്ഞിരിക്കുന്നത് അയിരൂര്‍ പുഴയിലാണ്. 112 ക്യുബിക് മീറ്റര്‍. ഇത് തൊഴിലുറപ്പ് പദ്ധതി പ്രകാരം പൂർണമായും നീക്കം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശസ്വയംഭരണവകുപ്പ്, തൊഴിലുറപ്പ് പദ്ധതി, റവന്യൂവകുപ്പ്, ജലസേചനവകുപ്പ് എന്നിവയുടെ ഏകോപനത്തോടെയും ജനകീയപങ്കാളിത്തത്തോടെയും കൂടി മഴക്കാലത്തിന് മുമ്പ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. അതിനുള്ള നടപടികൾ സ്വീകരിച്ചതായും അതികൃതർ വ്യക്തമാക്കി.
*4️⃣യുക്രൈൻ: തിരിച്ചെത്തിയ വിദ്യാർഥികളുടെ യോഗം 30ന് തിരുവനന്തപുരത്ത്; രജിസ്ട്രേഷൻ തുടങ്ങി.*
*തിരുവനന്തപുരം:* യുക്രൈനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥികളുമായി സംവദിക്കുന്നതിനും തുടർ പഠനവമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി നോർക്കയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ യോഗം വിളിക്കുന്നു. ഏപ്രിൽ 30ന് ഉച്ചക്ക് 2.30 മുതൽ വൈകുന്നേരം അഞ്ചു വരെ തിരുവനന്തപുരം കവടിയാർ ഗോൾഫ് ലിങ്കിലെ ഉദയ കൺവെൻഷൻ സെന്ററിലാണ് യോഗം. വിദ്യാർഥികൾക്ക് തങ്ങളുടെ പ്രശ്‌നങ്ങളും അഭിപ്രായങ്ങളും നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ https://ukraineregistration.norkaroots.org എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് സി.ഇ.ഒ അറിയിച്ചു. രജിസ്റ്റർ ചെയ്തവർക്ക് നേരിട്ടോ ഓൺലൈനായോ യോഗത്തിൽ പങ്കെടുക്കാം. ഓൺലൈനായി പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് മീറ്റിംഗ് ലിങ്ക് മൊബൈൽ നമ്പരിലും ഇ-മെയിലിലും ലഭ്യമാക്കും.
യുക്രൈൻ യുദ്ധം മൂലം പഠനം തടസപ്പെട്ട വിദ്യാർഥികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ നാലിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വിദ്യാർഥികളുടെ യോഗം വിളിക്കാനും വിവര ശേഖരണത്തിനായി വെബ്‌പോർട്ടൽ രൂപീകരിക്കാനും തീരുമാനിച്ചത്.
*5️⃣ഇന്ധന വില: എണ്ണ കമ്പനികൾക്കെതിരെ കെഎസ്ആർടിസി; കരാർ ഉണ്ടാക്കാൻ നിർബന്ധിക്കുന്നില്ലല്ലോയെന്ന് കോടതി.*
*തിരുവനന്തപുരം:* ഇന്ധന വില വർധനവുമായി ബന്ധപ്പെട്ട് സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ എണ്ണ കമ്പനികൾ നൽകിയ അപ്പീൽ തള്ളണം എന്ന് കെഎസ്ആർടിസി. അപ്പീൽ അനുവദിച്ചാൽ കെഎസ്ആർടിസി-ക്കും പൊതുജനങ്ങൾക്കും വലിയ നഷ്ടം ഉണ്ടാകും. സ്വകാര്യ ബസ്സുകൾക്ക് കമ്പനികൾ കുറഞ്ഞ വിലയിൽ ഇന്ധനം നൽകുകയാണ്. കെഎസ്ആർടിസി-യ്ക്ക് കൂടിയ വിലയിൽ ഡീസൽ നൽകുന്നു. സ്വകാര്യ ബസ്സുകൾക് കമ്പനികൾ കടം ആയി ഇന്ധനം നൽകുന്നില്ലെന്നും, കെഎസ്ആർടിസി-യോട് ഇങ്ങനെ കരാർ ഉണ്ടാക്കാൻ ആരും നിർബന്ധിക്കുന്നില്ലല്ലോയെന്നും കോടതി തിരിച്ചടിച്ചു.
*6️⃣"ഗവര്‍ണര്‍ വെറുമൊരു പോസ്റ്റ്മാന്‍ .. അദ്ദേഹത്തിന്‍റെ അനുമതിക്കായി കാത്തു നില്‍ക്കില്ല"; നീറ്റ് വിവാദത്തില്‍ എം.കെ സ്റ്റാലിന്‍.*
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഗവർണർ ആർ.എൻ രവിയും തമ്മിലുള്ള പോര് മുറുകുന്നു. നീറ്റ് ബില്ല് പാസാക്കാൻ ഗവർണറുടെ അനുമതിക്കായി കാത്തുനിൽക്കില്ലെന്നും ഗവർണർക്ക് വെറുമൊരു പോസ്റ്റ്മാന്‍റെ ചുമതല മാത്രമാണുള്ളത് എന്നും സ്റ്റാലിൻ തുറന്നടിച്ചു. നീറ്റ് ബില്ലുമായി ബന്ധപ്പെട്ട് ഡി.എം.കെ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഗവർണറുടെ അനുമതിക്കായി ഇവിടെ ആരും കാത്തു നില്‍ക്കുന്നില്ല. ബില്ലിന് അനുമതി നൽകാൻ അദ്ദേഹത്തിന് ഒരധികാരവും ഇല്ല. ബില്ല് പ്രസിഡന്‍റിനയക്കാൻ മാത്രമാണ് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നത്. പ്രൊഫസർ വീരമണി പറഞ്ഞത് പോലെ അദ്ദേഹത്തിന് ഇവിടെ ഒരു പോസ്റ്റ്മാന്‍റെ ജോലിയാണുള്ളത്"- സ്റ്റാലിൻ പറഞ്ഞു.
എട്ട് കോടി ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളുള്ള ഒരു നിയമസഭ പാസാക്കിയ ബില്ല് തള്ളുന്നത് വഴി ലോകത്തിന് ഗവര്‍ണര്‍ എന്ത് സന്ദേശമാണ് നൽകുന്നത് എന്നും രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ട് എന്ന് പറയാനാവുമോ എന്നും അദ്ദേഹം ചോദിച്ചു.
തമിഴ്‌നാട്ടിലെ ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് ഒഴിവാക്കാനുള്ള ബിൽ ഫെബ്രുവരിയിൽ നിയമസഭയുടെ പ്രത്യേക സമ്മേളനമാണ് പാസാക്കിയത്.
തമിഴ്നാട്ടില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് മുറുകുകയാണ്. കഴിഞ്ഞ ദിവസം നിയമസഭ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. ഗവർണറുടെ അനുമതിയില്ലാതെ തന്നെ സര്‍വകകലാശാല വൈസ് ചാൻസലർമാരെ നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി ബിൽ തമിഴ്‌നാട് കഴിഞ്ഞ ദിവസമാണ് പാസാക്കിയത്.നിലവിൽ നീറ്റ് വിഷയത്തിലടക്കം തമിഴ്‌നാട് സർക്കാർ പാസാക്കിയ 10 ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടാതെ ഗവർണർ ആര്‍.എന്‍ രവി തടഞ്ഞുവച്ചിരിക്കുകയാണ്.
*7️⃣ഇന്ത്യയിൽ വിൽക്കുകയാണെങ്കിൽ ഇന്ത്യയിൽ തന്നെ നിർമിക്കണം: ടെസ്‌ലയോട് നിതിൻ ഗഡ്കരി.*
*ന്യൂഡൽഹി:* ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ തന്നെ നിർമിക്കാൻ തയാറാണെങ്കിൽ യു.എസ് കമ്പനിയായ ടെസ്‌ലക്ക് ഇന്ത്യയിൽ പ്രവർത്തിക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയുടെ വിദേശനയ, ഭൗമസാമ്പത്തിക സമ്മേളനമായ റായ്‌സിന ഡയലോഗിൽ സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രിക് കാറുകളുടെ വലിയ വിപണിയാണ് ഇന്ത്യയെന്നും ഈ മേഖലയിൽ വലിയ അവസരങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
'ഇലോൺ മസ്‌ക് ഇന്ത്യയിൽ കാറുകൾ നിർമിക്കാൻ തയാറാണെങ്കിൽ പ്രശ്‌നമില്ല. ഇന്ത്യയിലേക്ക് വരിക, ഉൽപ്പാദനം തുടങ്ങുക, ഇന്ത്യ വലിയൊരു വിപണിയാണല്ലോ. ഇവിടെ എല്ലാ വിഭവങ്ങളുമുണ്ട്. എല്ലാ സാങ്കേതിക വിദ്യയും ഇവിടെ ലഭ്യമാണ്. അവർക്ക് ഇവിടെ നിന്ന് കയറ്റുമതി ചെയ്യുകയുമാവാം.'
'ഇലോൺ മസ്കിനോട് അഭ്യർത്ഥിക്കാനുള്ളത് ഇവിടെ വന്ന് ഉൽപ്പാദം തുടങ്ങൂ എന്നാണ്. അതേസമയം, അദ്ദേഹം ചൈനയിൽ ഉൽപ്പാദനം നടത്തി ഇന്ത്യയിൽ വിൽക്കാനാണ് നോക്കുന്നതെങ്കിൽ അത് ഇന്ത്യക്ക് സ്വീകാര്യമാവില്ല.' - ഗഡ്കരി പറഞ്ഞു.
നേരത്തെ, ഇലോൺ മസ്‌കിന്റെ ടെസ്ല ഇന്ത്യയിൽ നിർമാണ യൂണിറ്റുകൾ തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഉയർന്ന നികുതി നിരക്കുകൾ കാരണം പിന്മാറുകയായിരുന്നു. 40,000 യു.എസ് ഡോളറിനു മുകളിൽ കസ്റ്റംസ് മൂല്യം വരുന്ന ഇലക്ട്രിക് കാറുകൾ ഇറക്കുമതി ചെയ്യുമ്പോൾ 110 ശതമാനം നികുതി നൽകണമെന്ന നയമാണ് ഇന്ത്യയിലേക്കുള്ള തങ്ങളുടെ വരവിനെ തടയുന്നതെന്ന് കഴിഞ്ഞ വർഷം കേന്ദ്ര റോഡ് മന്ത്രാലയത്തിനയച്ച കത്തിൽ ടെസ്ല വ്യക്തമാക്കിയിരുന്നു. കസ്റ്റംസ് വാല്യൂ നോക്കാതെ എല്ലാ കാറുകളുടെയും ഇറക്കുമതിച്ചുങ്കം 40 ശതമാനമാക്കി നിജപ്പെടുത്തണമെന്നും കമ്പനി അഭ്യർത്ഥിച്ചു.
നികുതി കുറക്കുന്ന കാര്യം പരിഗണിക്കാമെന്നും ആദ്യം രാജ്യത്ത് ഉൽപ്പാദനം തുടങ്ങൂ എന്നുമായിരുന്നു ഇതിന് കേന്ദ്രസർക്കാർ നൽകിയ മറുപടി. നിലവിൽ, പൂർണമായും നിർമിച്ച യൂണിറ്റുകളായി ഇറക്കുമതി ചെയ്യപ്പെടുന്ന കാറുകൾക്കുള്ള ഇറക്കുമതിച്ചുങ്കം എഞ്ചിൻ വലിപ്പവും വിലയും ഇൻഷുറൻസ് - ഫ്രെയ്റ്റ് മൂല്യവും അനുസരിച്ച് 60 മുതൽ 100 ശതമാനം വരെയാണ്.
*8️⃣കയറ്റുമതി നിർത്തി ഇന്തൊനേഷ്യ; പാമോയിൽ വില കുതിക്കും.*
*മുംബൈ:* ഇന്തൊനേഷ്യ പാമോയിൽ കയറ്റുമതി നിർത്തിവയ്ക്കാൻ തീരുമാനിച്ചതിന്റെ ആഘാതം ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുമെന്ന് വിദഗ്ധർ. ഭക്ഷ്യ എണ്ണയ്ക്കും പായ്ക്കറ്റ് ഭക്ഷണസാധനങ്ങൾക്കും വില കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാമോയിൽ കയറ്റുമതി രാഷ്ട്രമാണ് ഇന്തൊനേഷ്യ.
ഇന്ത്യയിൽ ഈയാഴ്ച അവസാനത്തോടെ തന്നെ പാമോലിൻ വില ആറു ശതമാനം കൂടുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തിനു വേണ്ട മൊത്തം പാമോയിലിന്റെ പകുതിയും ഇറക്കുമതി ചെയ്യുന്നത് ഇന്തൊനേഷ്യയിൽനിന്നാണ്.
'ഇന്തൊനേഷ്യൻ പാമോയിലിന്റെ നഷ്ടത്തെ ആർക്കും നികത്താനാകില്ല. എല്ലാ രാജ്യവും അനുഭവിക്കേണ്ടി വരും' - പാകിസ്താൻ എഡിബ്ൾ ഓയിൽ റിഫൈനേഴ്‌സ് അസോസിയേഷനെ ഉദ്ധരിച്ച് എകണോമിക് ടൈംസ് റിപ്പോർട്ടു ചെയ്തു.
ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് പുറമേ, ഡിറ്റർജന്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ജൈവ ഇന്ധനങ്ങൾ തുടങ്ങിയവയിൽ പാമോയിൽ ഉപയോഗിക്കുന്നുണ്ട്.സോപ്പ്, ഷാംപൂ, നൂഡിൽസ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് തുടങ്ങി നിരവധി വസ്തുക്കളിലും ഓയിൽ ഉപയോഗിക്കുന്നു. ലഭ്യത കുറയുന്നതോടെ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതമാകും.
ഇന്തൊനേഷ്യ കയറ്റുമതി നിരോധിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ പാമോയിൽ വില കുതിച്ചുയരുകയാണ്. കഴിഞ്ഞ ആറാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ പാമോയിൽ വില. ഇന്തൊനേഷ്യയിൽ 26436 രൂപയാണ് (1.84 യുഎസ് ഡോളർ) ഒരു ലിറ്റർ വില. ഈ വർഷം ഇതുവരെ 40 ശതമാനം വർധനയാണ് ഇതിലുണ്ടായത്. വില വർധനയ്‌ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളുണ്ടായിരുന്നു.
ഏപ്രിൽ 18 മുതലാണ് കയറ്റുമതി നിരോധം പ്രാബല്യത്തിൽ വരിക. ഓരോ വർഷവും 13 മുതൽ 13.5 ദശലക്ഷം ടൺ ഭക്ഷ്യഎണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിൽ എട്ട് മുതൽ എട്ടര ദശലക്ഷം ടൺ വരെയാണ് പാമോയില്‍ ഇറക്കുമതി. മാസങ്ങളായി പാമോയിൽ വില അടിക്കടി വർധിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്.
*9️⃣കേരളത്തിന് ലഭിക്കുന്ന എയിംസ് കോഴിക്കോട് കിനാലൂരില്‍.*
*ദല്‍ഹി/തിരുവനന്തപുരം:* കേരളത്തിന് ലഭിക്കുന്ന എയിംസ് കോഴിക്കോട് അനുവദിക്കും. കിനാലൂരിലെ കെ.എസ്.ഐ.ഡി.സി ഭൂമിയിലായിരിക്കും എയിംസ് വരിക. കിനാലൂരിലെ 142 ഏക്കർ ഭൂമി കെ.എസ്.ഐ.ഡി.സി റവന്യു വകുപ്പിന് കൈമാറാൻ ഉത്തരവിറങ്ങി. വ്യവസായ വകുപ്പിന്‍റെ ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്.
കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കെ മുരളീധരന്‍ എം.പി.യാണ് കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിന് കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ അനുമതിയായതായി കേന്ദ്രം രേഖാമൂലം അറിയിച്ചിരുന്നു. എയിംസ് സ്ഥാപിക്കാന്‍ അനുകൂലമായ സ്ഥലങ്ങള്‍ അറിയിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. ഇതില്‍ കോഴിക്കോട്ടെ കിനാലൂരിലാണ് ഭൂമി കൈമാറാന്‍ അനുമതി നല്‍കിയിരിക്കുന്നത്.