വയനാട് : സുൽത്താൻ ബത്തേരിയിലെ വിവിധ മേഖലകൾ കടുവ ഭീതിയിൽ. കടുവ ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവാകുന്നു. ബത്തേരിയിലെ എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികൾക്കുംആശങ്കയേറുകയാണ്.
രണ്ട് മാസം കൊണ്ട് സുൽത്താൻ ബത്തേരി നഗരമേഖലയിലെ വിവിധയിടങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ കടുവയെത്തിയത് വാകേരി ഏദൻവാലി എസ്റ്റേറ്റിലാണ്. ഇവിടെയുള്ള വളർത്തു നായയെ കടുവ ആക്രമിച്ച് കൊന്നു. ഇതോടെ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന നൂറ് കണക്കിന് പേരാണ് പ്രതിസന്ധിയിലായത്. ജീവൻ പണയം വെച്ചാണ് ഇവരെല്ലാം രാവിലെ ജോലിക്ക് വരുന്നത്.
ബത്തേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബീനാച്ചി എസ്റ്റേറ്റ് കടുവകളുടെ വിഹാര കേന്ദ്രമായി മാറിയെന്ന് നാട്ടുകാർ പറയുന്നു. മധ്യപ്രദേശ് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് സംസ്ഥാന സർക്കാർ ഏറ്റെടുക്കാനുള്ള നടപടികളൊന്നുമുണ്ടായില്ല. ബത്തേരിയിലെ കടുവ ഭീതി അകറ്റാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കും.