Trending

എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം




സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്‌ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്. ഇവര്‍ക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കോവിഡ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുന്നതാണ്. മങ്കിപോക്‌സിന്റെ ലക്ഷണങ്ങളുണ്ടെങ്കില്‍ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല്‍ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

മങ്കിപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ ഉള്ളതിനാല്‍ എയര്‍പോര്‍ട്ടുകളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായ ഭീതിയോ ആശങ്കയോ വേണ്ട. രോഗി യാത്ര ചെയ്ത വിമാനത്തില്‍ വന്നവര്‍ സ്വയം നിരീക്ഷിക്കേണ്ടതാണ്. സംസ്ഥാന തലത്തില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുന്നതാണ്. എല്ലാ ജില്ലകള്‍ക്കും ഗൈഡ്‌ലൈന്‍ നല്‍കുന്നതാണ്.

കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് (6E 1402, സീറ്റ് നമ്പര്‍ 30 സി) ഇദ്ദേഹം എത്തിയത്. വിമാനത്തില്‍ 164 യാത്രക്കാരും 6 കാബിന്‍ ക്രൂവുമാണ് ഉണ്ടായിരുന്നത്. അതില്‍ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലുള്ളവരാണ്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം. പലരുടേയും ഫോണ്‍ നമ്പര്‍ ലഭ്യമല്ലാത്തതിനാല്‍ പോലീസിന്റെ സഹായത്തോടു കൂടി ഇവരെ ബന്ധപ്പെട്ടു വരുന്നു.

കുടുംബാംഗങ്ങളില്‍ അച്ഛനും അമ്മയും, ഓട്ടോ ഡ്രൈവര്‍, ടാക്‌സി ഡ്രൈവര്‍, സ്വകാര്യ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റ്, തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 യാത്രക്കാര്‍ എന്നിവരാണ് ഇപ്പോള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉദ്യോഗസ്ഥരേയും രോഗിയുടെ ബഗേജ് കൈകാര്യം ചെയ്തവരേയും നിരീക്ഷിക്കുന്നതാണ്.

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കും. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്ക എന്നിവ ഉപയോഗിക്കുക, പിപിഇ കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരും.

തെറ്റായ പ്രചരണങ്ങള്‍ നടത്തരുത്.  എന്തെങ്കിലും സംശയമുള്ളവര്‍ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും അഭ്യര്‍ത്ഥിക്കുന്നു.

Post a Comment

Previous Post Next Post