Trending

വൈകുന്നേരം ആറിനും രാത്രി 11നുമിടയിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണം: കെഎസ്ഇബി


തിരുവനന്തപുരം: വൈകുന്നേരം ആറിനും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. ഈ സമയത്ത് വൈദ്യുതി കൂടുതല്‍ വേണ്ടിവരുന്ന പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങൾ പ്രവര്‍ത്തിപ്പിക്കരുത്. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്തും എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചും പ്രതിസന്ധി തരണം ചെയ്യാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.

സംസ്ഥാനത്തു വേനൽ കനത്തതിനൊപ്പം വൈദ്യുതി ഉപയോഗം കൂടിയതിന്റെ ആശങ്കയിലാണു കെഎസ്ഇബി. രണ്ടാമത്തെ പീക്ക് അവറുകളിലെ വൈദ്യുതി ഉപയോഗമാണു കെഎസ്ഇബിക്കു പ്രതിസന്ധി സൃഷ്ടിക്കുന്നത്. വൈകിട്ട് 6 മുതൽ രാത്രി 8.30 വരെയാണ് പീക്ക് അവറായി (വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയം) കരുതിയിരുന്നത്. ഇപ്പോൾ രാത്രി 8.30 മുതൽ 11 വരെ രണ്ടാം പീക്ക് അവറായി കണക്കാക്കുന്നുണ്ട്.

ഈ വേനൽക്കാലത്ത് രണ്ടാം പീക്ക് അവറിലാണു വൈദ്യുതി ഉപയോഗത്തിൽ വലിയ വർധന. പ്രതിസന്ധി അതിജീവിക്കാൻ 6 മുതൽ 10 രൂപ വരെ യൂണിറ്റിന് ചെലവഴിച്ചാണ് വൈദ്യുതി പുറത്തുനിന്നു വാങ്ങുന്നത്. ഉപയോഗം വർധിച്ചതിനാൽ അടുത്ത മാസത്തെ വൈദ്യുതി ബിൽ കുത്തനെ കൂടിയേക്കും. അധിക വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനാൽ വൈദ്യുതി ചാർജും ഉയരാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച 100.358 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗം. കഴിഞ്ഞ വർഷം 97 ദശലക്ഷം യൂണിറ്റായിരുന്നു റെക്കോർഡ്.‌

ഈ മാസം 13നും ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. 13ന് രാവിലെ 3,824 മെഗാവാട്ടായിരുന്നു ഉപയോഗമെങ്കിൽ വൈകിട്ട് 4,903 മെഗാവാട്ടായിരുന്നു ഉപയോഗിച്ചത്. 1,079 മെഗാവാട്ടിന്റെ വ്യത്യാസം. ജലവൈദ്യുതി പദ്ധതികളിൽനിന്നുള്ള ഉൽപ്പാദനം പീക്ക് അവറുകളിൽ വർധിപ്പിച്ചും പുറത്തുനിന്ന് വൈദ്യുതി വാങ്ങിയുമാണ് കെഎസ്ഇബി മുന്നോട്ടു പോകുന്നത്.

Post a Comment

Previous Post Next Post