തിരുവനന്തപുരം: സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും.സുഡാന്‍ അതിര്‍ത്തി 14 ദിവസം അടച്ച സാഹചര്യത്തിലാണിത്. മൃതദേഹം ഖര്‍ത്തൂമിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആല്‍ബര്‍ട്ടിന്റെ ഭാര്യയും മകളും ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റ് കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് കഴിയുന്നത്.
അതേസമയം സുഡാനില്‍ സംഘര്‍ഷം തുടരുകയാണ്. സൈനിക തലവന്‍ ജനറല്‍ അബ്ദുല്‍ ഫത്തഹ് അല്‍ ബുര്‍ഹാനും ഇദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന അര്‍ധ സൈനിക വിഭാഗം തലവന്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ഹംദാനും തമ്മിലെ ഭിന്നതയാണ് ചോര ചീന്തിയ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് കാരണം. മൂന്നു ലക്ഷം പേരുടെ ജീവനെടുത്ത ദാര്‍ഫര്‍ യുദ്ധത്തിന്റെ സൂത്രധാരനാണ് ജനറല്‍ അബ്ദുല്‍ ഫത്തഹ് അല്‍ ബുര്‍ഹാന്‍. ഒട്ടേറെ യുദ്ധ കുറ്റകൃത്യങ്ങളില്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ഹംദാനും ആരോപണ വിധേയനാണ്.
ഇവര്‍ ഇരുവരും ഒന്നുചേര്‍ന്നാണ് സുഡാനില്‍ ജനാധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തെ അട്ടിമറിച്ചത്. മുപ്പതു വര്‍ഷമായി അധികാരത്തിലിരുന്ന പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍ 2019 ല്‍ ജനകീയ പ്രതിഷേധത്തില്‍ പുറത്തായിരുന്നു. തുടര്‍ന്ന് ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സൈന്യവും പ്രതിപക്ഷ പാര്‍ട്ടികളും ധാരണയില്‍ എത്തി. എന്നാല്‍ സമയമെടുത്തപ്പോള്‍ സൈന്യം അധികാരം കവരുകയും ചെയ്തു. ആര്‍എസ്‌എഫിനെ സൈന്യത്തില്‍ ലയിപ്പിക്കാനെടുത്ത തീരുമാനമാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം.ഏറ്റുമുട്ടല്‍ കൂടുതല്‍ മേഖലകളിലേക്ക് പടരുന്ന സ്ഥിതിയാണ്. ഇതുവരെ 1200 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ മരണം 83 ആയി ഉയര്‍ന്നു. ഒരു ലക്ഷത്തോളം വരുന്ന സുഡാന്‍ സൈന്യവും 40000 ത്തോളം വരുന്ന ആര്‍ എസ് എഫും തമ്മിലാണ് സംഘര്‍ഷം. ഇരു പക്ഷത്തിനും വലിയ ആയുധ ശേഖരമുണ്ട്. ഖാര്‍ത്തൂമിന് പുറത്ത് നിരവധി നഗരങ്ങളില്‍ സംഘര്‍ഷം നടക്കുന്നുണ്ട്. അര്‍ധ സൈനിക കേന്ദ്രങ്ങളില്‍ സൈന്യത്തിന്റെ വ്യോമാക്രമണം വ്യോമത്താവളം തിരികെ പിടിച്ചതായി സുഡാന്‍ സൈന്യം വ്യക്തമാക്കുന്നു. വിമാന സര്‍വീസ് പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്.
സംഘര്‍ല്‍ത്തെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറാസ് അപലപിച്ചു. സംഘര്‍ഷത്തില്‍ യുഎന്‍ ഭക്ഷ്യ പരിപാടിയുടെ മൂന്നു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഉടന്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു. ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ രാജ്യമാണ് സുഡാന്‍. ഇവിടെ നാലരക്കോടിയാണ് ജനസംഖ്യ. അറബ് ലീഗ് അംഗമായ സുഡാനില്‍ 91 ശതമാനം ജനങ്ങളും ഇസ്ലാം മത വിശ്വാസികളാണ്. ആറ് ശതമാനം പേര്‍ ക്രിസ്തുമത വിശ്വാസികളാണ്.
Tags:
Latest