Trending

ഗതാഗത നിയമം ലംഘിക്കുന്നവര്‍ സൂക്ഷിച്ചോളൂ, ആ 726 ക്യാമറകളും മിഴി തുറക്കുന്നു , പിഴ വീട്ടിലെത്തും



ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരെ പിഴയിലൂടെ പിന്തിരിപ്പിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സ്ഥാപിച്ച 726 അത്യാധുനിക ക്യാമറകള്‍ 20 മുതല്‍ പ്രവര്‍ത്തിക്കും. ബുധനാഴ്ചചേരുന്ന മന്ത്രിസഭായോഗം പദ്ധതിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ഉപയോഗിക്കാത്തത് കണ്ടെത്തി നേരിട്ടു പിഴചുമത്താന്‍ കഴിയുന്ന 675 നിര്‍മിതബുദ്ധി ക്യാമറകള്‍ ഇക്കൂട്ടത്തിലുണ്ട്.

ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികംപേര്‍ യാത്രചെയ്യുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുക എന്നിവയും ക്യാമറയില്‍ കുടുങ്ങും. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ വിവരങ്ങളിലേക്ക് ഓണ്‍ലൈനില്‍ പിഴ രേഖപ്പെടുത്തും.

വാഹനത്തില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ ഒഴികെയുള്ളവയെല്ലാം പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജത്തിലാണ്. 4 ജി കണക്ടിവിറ്റി സിമ്മിലാണ് ഡേറ്റാ കൈമാറ്റം. എല്ലാ വാഹനങ്ങളെയും ക്യാമറ ബോക്സിലുള്ള വിഷ്വല്‍ പ്രൊസസിങ് യൂണിറ്റ് വിശകലനം ചെയ്യും. ചിത്രങ്ങളും പകര്‍ത്തും. ഗതാഗതനിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്റെ ഫോട്ടോയും മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍റൂമിലേക്ക് അയക്കും. ആറുമാസത്തെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഇതില്‍ സംവിധാനമുണ്ട്.

ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയില്‍നിന്നു രക്ഷപ്പെടുക എളുപ്പമാകില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുമ്പ് അറിയിച്ചിരുന്നു. അപകടമേഖലകള്‍ (ബ്ലാക്ക് സ്പോട്ടുകള്‍) മാറുന്നതനുസരിച്ച് ക്യാമറകള്‍ പുനര്‍വിന്യസിക്കാം. നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന 726 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 200 മീറ്റര്‍ ദൂരെനിന്നുള്ള നിയമലംഘനങ്ങള്‍ സ്വയം കണ്ടെത്തി പിഴ ചുമത്താന്‍ ഈ ത്രീഡി ഡോപ്ലര്‍ ക്യാമറകള്‍ക്കു കഴിയും.

Post a Comment

Previous Post Next Post