വേനലവധിക്കാലത്ത് നടക്കുന്ന സ്‌കൂള്‍, പ്രീസ്‌കൂള്‍ പ്രവേശന പരീക്ഷകള്‍ക്ക് തടയിടാന്‍ ചൈല്‍ഡ് ലൈന്‍ മുന്നിട്ടിറങ്ങുന്നു. ആറ് വയസിന് താഴെയുള്ള കുട്ടികളെ സ്‌കൂളുകളിലോ പ്രീ സ്‌കൂളുകളിലോ ചേര്‍ക്കാന്‍ പ്രവേശന പരീക്ഷയോ മറ്റു അഭിമുഖമോ നടത്തുന്ന സ്‌കൂളുകളെ ചൈല്‍ഡ് ലൈന്‍ നിരീക്ഷിക്കും. ഇത്തരം പരീക്ഷകളും പരിശോധനകളും വിദ്യാഭ്യാസ അവകാശ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. എഴുത്തും വായനയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ പ്രതീകമായ 'ഇന്‍ഫീരിയര്‍ പാമൈറ്റന്‍ ലോബിയുള്‍' പൂര്‍ണ വളര്‍ച്ചയെത്തുന്നത് അഞ്ച്, ആറ് വയസുകളിലാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് കുട്ടികളെ വിദ്യാലയത്തില്‍ ചേര്‍ക്കേണ്ട പ്രായം ആറ് വയസാണെന്ന് സുപ്രീം കോടതി വിധിച്ചത്.
സി.ബി.എസ്.ഇ സ്ഥാപനങ്ങളില്‍ എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളിലേക്ക് എഴുത്തുപരീക്ഷയും മറ്റും നടത്തുന്നതായി ചൈല്‍ഡ്ലൈനില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഇതും ചൈല്‍ഡ്ലൈന്‍ നിരീക്ഷിക്കും. ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം മധ്യവേനലവധി കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നതും ചൈല്‍ഡ്ലൈനിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അപ്പര്‍ പ്രൈമറി തലംവരെ പഠിക്കുന്ന കുട്ടികള്‍ക്ക് മധ്യവേനലവധിയില്‍ ക്ലാസുകള്‍ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെ വേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിനായി പല സ്‌കൂളുകളിലും സജ്ജീകരണങ്ങള്‍ ആരംഭിച്ചതായി ചൈല്‍ഡ് ലൈനില്‍ പരാതി ലഭിക്കുന്നുണ്ട്. ഈ സ്‌കൂളുകളെയും ചൈല്‍ഡ് ലൈന്‍ നിരീക്ഷിക്കും. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 1098 ലോ 04832730738, 04832730739 എന്നീ നമ്പറുകളിലോ വിവരമറിയിക്കണമെന്ന് ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
Tags:
Latest