കൊച്ചി: സംസ്ഥാനത്ത് മത്തിവില ഒരാഴ്ചയായി ഉയർന്നുതന്നെ നിൽക്കുന്നു. കിലോക്ക് 400 രൂപ വരെ എത്തി. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരുമെന്നാണ് സൂചന.
നാട്ടിൽ ട്രോളിംഗ് നിരോധനം വന്നതോടെയാണ് മത്തി കേറി കൊളുത്തിയത്. വിപണിയിൽ ഇന്ന് രാജാവാണ് മത്തി. വിലയിലെ രാജകീയ പദവി വിട്ടൊഴിയാൻ മത്തി ഒരാഴ്ചയായിട്ടും തയ്യാറായിട്ടില്ല. ഒരാഴ്ച മുൻപ് 300 രൂപ ആയിരുന്നെങ്കിൽ ഇന്ന് വില പലയിടത്തും കിലോയ്ക്ക് 400 വരെ ഉയർന്നു. വില കൂടിയതോടെ വാങ്ങാതെ പലരും തിരിച്ചുപോവുകയാണ്.
400 രൂപയ്ക്ക് മത്തി വാങ്ങുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് ചില വീട്ടമ്മമാർ പറയുന്നു. ചാളയില്ലാതെ പറ്റില്ലെന്നും എത്ര വില കൂട്ടിയാലും വാങ്ങുമെന്നും മറ്റു ചിലർ. നേരത്തെ അഞ്ച് രൂപയ്ക്ക് ചട്ടി നിറയെ ചാള കിട്ടുമായിരുന്നെന്ന് നടൻ ധർമജൻ ബോൾഗാട്ടി പറഞ്ഞു. ചാള ഇന്ന് ഭയങ്കര വിലയുള്ള മീനായി മാറിയെന്നും ധർമജൻ പറഞ്ഞു.
ചെറുവള്ളങ്ങളിൽ പിടിച്ചുകൊണ്ടു വരുന്ന മത്തിക്കാണ് ഇപ്പോള്‍ ഡിമാൻഡും വിലയും. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരുമെന്നാണ് മത്സ്യവിപണന മേഖലയിൽ നിന്ന് ലഭിക്കുന്ന വിവരം.
Tags:
Latest