Trending

75 വര്‍ഷത്തോളം പഴക്കമുള്ള കൂറ്റന്‍ ആല്‍മരം കടപുഴകി; വാഹനയാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു



കോഴിക്കോട്: 75 വർഷത്തോളം പഴക്കമുള്ള കൂറ്റൻ ആൽമരം റോഡിലേയ്ക്ക് കടപുഴകി. ഇതുവഴി പോയ വാഹനയാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ മാവൂര്‍-കണ്ണിപറമ്പ് റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മരം വീഴുന്നത് കണ്ട് അതുവഴി കടന്നുപോയ ബൈക്കും ടിപ്പര്‍ ലോറിയും പെട്ടെന്ന് നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.

സമീപത്തെ വൈദ്യുതി ലൈനുകളും പോസ്റ്റുകളുമെല്ലാം മരം വീണ് തകര്‍ന്നിട്ടുണ്ട്. 75 വര്‍ഷത്തോളം പഴക്കമുള്ള ആല്‍മരമായിരുന്നു ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് എത്തിയ മുക്കം അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ട് മരം ഇവിടെ നിന്ന് മുറിച്ചുമാറ്റുകയായിരുന്നു. രണ്ടര മണിക്കൂറോളം സമയമെടുത്താണ് മരം റോഡില്‍ നിന്ന് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാനായത്.

മുക്കം അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. മധു, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സി. മനോജ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഒ. ജലീല്‍, സലിം ബാവ, കെ.ടി ജയേഷ്, വൈ.പി ഷറഫുദ്ദീന്‍, പി. നിയാസ്, ഫാസില്‍ അലി തുടങ്ങിയവര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post