Trending

മെസിയില്ലെങ്കിലും അർജന്റീന ഡബിൾ സ്ട്രോങ്ങ്; മാര്‍ട്ടിനെസിന്റെ ഇരട്ട പ്രഹരത്തിൽ പെറു വീണു





മയാമി: കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ട അവസാന മത്സത്തിൽ മെസി ഇല്ലാതെ കളത്തിലിറങ്ങിയ അർജന്റീനക്ക് ജയം. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീന തോൽപ്പിച്ചു. ലാതുറോ മാര്‍ട്ടിനെസാണ് ഇരുഗോളുകളും നേടിയത്. ഇതോടെ ഗൂപ്പ് ചാംപ്യന്മാരായി അര്‍ജന്റീന ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ ഇക്വഡോര്‍ അല്ലെങ്കില്‍ മെക്‌സിക്കോ എന്നിവരില്‍ ഒരു ടീമാണ് അര്‍ജന്റീനയുടെ എതിരാളികളായി എത്തുക. കാനഡയാണ് അര്‍ജന്റീനയ്‌ക്കൊപ്പം ഗ്രൂപ്പ് എയില്‍ നിന്ന് ക്വാര്‍ട്ടറിലെത്തിയ മറ്റൊരു ടീം.
ലിയോണല്‍ മെസിക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തന്നെയായിരുന്നു മുന്‍ തൂക്കം. രണ്ടാം പാതിയിലാണ് രണ്ട് ഗോളും പിറന്നത്. ഇതിനിടെ ലിയാന്‍ഡ്രോ പരേഡസ് പെനാല്‍റ്റി നഷ്ടമാക്കുകയും ചെയ്തു. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും അര്‍ജന്റീനയായിരുന്നു മുന്നില്‍. 12 ഷോട്ടുകളില്‍ അര്‍ജന്റീനയുടെ ആറ് ഷോട്ടുകളും ലക്ഷ്യത്തിലേക്കായിരുന്നു. ഇതില്‍ രണ്ടെണ്ണം ഗോള്‍വര കടന്നു.

ആദ്യപാതി വിരസായിരുന്നു. ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ഒഴിച്ചാല്‍ ഒന്നും എടുത്തുപറയാനില്ല. അലസാന്ദ്രോ ഗര്‍ണാച്ചോയ്ക്ക് ആദ്യ ഇലവനില്‍ ഇടം ലഭിച്ചെങ്കിലും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ടാംപാതി തുടങ്ങി രണ്ട് മിനിറ്റുകള്‍ക്കകം അര്‍ജന്റീന ലീഡെടുത്തു. എയ്ഞ്ചല്‍ മരിയയുട പാസില്‍ നിന്നായിരുന്നു മാര്‍ട്ടിനെസിന്റെ ഗോള്‍. ഗോള്‍ വഴങ്ങിയിട്ടു പെറു വലിയ മുന്നേറ്റങ്ങളൊന്നും നടത്തിയില്ല.

ഇതിനിടെ 72-ാം മിനിറ്റില്‍ പരേഡസിന്റെ പെനാല്‍റ്റി കിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചു. എങ്കിലും 86-ാം മിനിറ്റില്‍ മാര്‍ട്ടിനെസ് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. മൂന്ന് മത്സരങ്ങളില്‍ നാലാമത്തെ ഗോളാണ് മാര്‍ട്ടിനെസന് നേടിയത്. പിന്നീട് തിരിച്ചടിക്കാനുള്ള അവസരമൊന്നും പെറുവിന് ലഭിച്ചില്ല.
അതേസമയം, കാനഡ ചിലിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. 27-ാം മിനിറ്റില്‍ ചിലിയന്‍ താരം ഗബ്രിയേല്‍ സുവാസോ ചുവപ്പ് കാര്‍ഡുമായി പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി. മൂന്നാം സ്ഥാനത്താണ് ചിലി. ജയിച്ചിരുന്നെങ്കില്‍ ക്വാര്‍ട്ടറിലെത്താമായിരുന്നു ചിലിക്ക്.

Post a Comment

Previous Post Next Post