കൂരാച്ചുണ്ട്: പഞ്ചായത്തിലെ പതിമൂന്നാം വാർഡില്‍ അഞ്ച് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം.പഞ്ചായത്തിലെ ഓഞ്ഞില്‍ പ്രദേശത്താണ് മെയ്, ജൂണ്‍ മാസങ്ങളിലായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഇതേ തുടർന്ന് മേഖലയില്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തിവരികയാണ്. സാനിറ്റേഷൻ കമ്മിറ്റി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് ഉടനീളം ഉച്ചഭാഷിണിയിലൂടെ പ്രചാരണം നടത്തി. രോഗം സ്ഥിരീകരിച്ച മേഖലകളില്‍ ഫോഗിങ്ങും, ഇൻഡോർ സ്പ്രേയിംഗ് എന്നിവ നടത്തും.
കൂടാതെ എല്ലാ വീടുകളിലും കൊതുക് ഉറവിട നശീകരണത്തിനും ബോധവത്ക്കരണത്തിനുമായി പ്രത്യേക സ്ക്വാഡ് പ്രവർത്തനം നടത്തി വരികയാണ്. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ വീടും പരിസരവും സ്ഥാപനങ്ങളും കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും ഇതിനുള്ള പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും മെഡിക്കല്‍ ഓഫീസർ അറിയിച്ചിട്ടുണ്ട്.