കൂരാച്ചുണ്ട്: കക്കയം സ്വദേശി കൂട്ടുങ്കല്‍ ദാസിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഒസ്യത്ത് പൂര്‍ത്തീകരിക്കാന്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ തടസ്സമായില്ല. ജീവിത വഴിയില്‍ മാറി സഞ്ചരിച്ചെങ്കിലും പള്ളിയില്‍ ഖബറടക്കണമെന്നായിരുന്നു ദാസിന്റെ അവസാനത്തെ ആഗ്രഹം. ഇതിന് പള്ളികമ്മിറ്റിയും സമ്മതം നല്‍കിയതോടെ പെരിന്തല്‍മണ്ണ പട്ടിക്കാട്ടിലെ ഖബറിസ്ഥാനില്‍ ദാസിന് അന്ത്യനിന്ദ്രയൊരുങ്ങി.
1934-ല്‍ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് കൂട്ടുങ്കല്‍ അലിയാര്‍ കുഞ്ഞിന്റെ മകനായാണ് കബീര്‍ ദാസ് ജനിച്ചത്. പിന്നീട് തങ്കമ്മ ഇദ്ദേഹത്തിന്റെ ജീവിത സഖിയായെത്തി. നാൽപതോളം വര്‍ഷം മുമ്പ് കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയത്തേക്ക് കുടിയേറി സ്ഥിര താമസമാക്കി. മുതുകാട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിലായിരുന്നു ആദ്യ കാലത്ത് ഇവരുടെ ജോലി. ഇവരുടെ ആറ് മക്കളും ഹിന്ദു മതാചാര പ്രകാരമാണ് വളര്‍ന്നത്. കമ്യുണിസ്റ്റ് ആശയത്തില്‍ ആകൃഷ്ടനായി രാഷ്ട്രീയ രംഗത്തിറങ്ങിയ ദാസ് സി.പി.ഐ.യുടെ ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പല ജില്ലാ, സംസ്ഥാന നേതാക്കളുമായും അടുത്ത ബന്ധവുമുണ്ടായിരുന്നു.
മരിക്കുമ്പോള്‍ തന്നെ മുസ്ലിം മത വിശ്വാസപ്രകാരം ചടങ്ങുകള്‍ നടത്തി കബറില്‍ അടക്കം ചെയ്യണമെന്ന് ദാസ് ജീവിതകാലത്ത് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ആഗ്രഹം പങ്ക് വെച്ചിരുന്നു. മരണ ശേഷം ഇക്കാര്യം സുഹൃത്തുക്കള്‍ മക്കളുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവരും സമ്മതം മൂളി. പിന്നീട് ദാസിന്റെ സഹോദരിയുടെ മഹല്ലായ പട്ടിക്കാട് ഇര്‍ശാദുല്‍ മുസ്ലിമിന്‍ മഹല്ല് കമ്മിറ്റിയുമായും ഇക്കാര്യം പങ്കുവെച്ചു.
'ആരുടെ ജീവിതമാണ് ശരി ? ആരുടേതാണ് തെറ്റ് ? എന്ന് മാര്‍ക്കിടേണ്ടത് നമ്മളല്ല പടച്ച റബ് ആണ്' എന്ന നിലപാട് കമ്മിറ്റിയും എടുത്തതോടെ കാര്യങ്ങള്‍ ദാസിന്റെ ആഗ്രഹ പ്രകാരം നടന്നു. വ്യാഴാഴ്ച പത്ത് മണിയോടെ മൃതദേഹവുമായി ദാസിന്റെ സുഹൃത്തുക്കളും പൊതുപ്രവര്‍ത്തകരും കുടുംബാംഗങ്ങളും പെരിന്തല്‍മണ്ണയിലേക്ക് യാത്ര തിരിച്ചു. ദാസിന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ കബറിടത്തിന് സമീപമായിരുന്നു ദാസിന് അന്ത്യ വിശ്രമത്തിനുള്ള സ്ഥലം ഒരുക്കിയത്. ബേബി, കുഞ്ഞുമോള്‍, കുഞ്ഞുമോന്‍, രാജന്‍ ( കായംകുളം ), സെലി, ഷാജി എന്നിവരാണ് ദാസിന്റെ മക്കള്‍.
മുജീബ് കോട്ടോല, കെ.വൈ. റഷീദ്, സാദിഖ് ഓണാട്ട്, ബഷീർ കൊല്ലി, കെ.റിഷാൽ, ഷിജു തോക്കട, സതീഷ് കക്കയം, കുര്യൻ ഐക്കുളമ്പിൽ, രാജേഷ് കക്കയം, പി.ടി.സുനിൽ, ജോഷി കക്കയം എന്നിവരാണ് അന്ത്യ കർമ്മങ്ങൾക്ക് ഒപ്പമുണ്ടായിരുന്നത്.
✍🏿നിസാം കക്കയം