*കക്കയം ഇക്കോ ടൂറിസം കേന്ദ്രം : തുറക്കാതിരിക്കാൻ ഓരോരോ കാരണങ്ങൾ*
ജീവിതം പ്രതിസന്ധിയിലായി ഗൈഡുകൾ
കക്കയം : മഴയെത്തുടർന്ന് വനംവകുപ്പിന്റെ ഇക്കോടൂറിസം സെന്റർ അടച്ചിട്ടിട്ട് പത്തുദിവസം പിന്നിട്ടു. ജനുവരി 20-ന് കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടർന്ന് 100 ദിവസത്തിലധികം അടച്ചിട്ട ഇക്കോ ടൂറിസം സെന്റർ മേയ് പതിനൊന്നുമുതലാണ് തുറന്ന് പ്രവർത്തനമാരംഭിച്ചത്. കാലവർഷാരംഭത്തിൽ മഴ കനത്തപ്പോൾ ജൂൺ ഒന്നിന് ടൂറിസം സെന്റർ വീണ്ടും അടയ്ക്കുകയായിരുന്നു. വേനൽക്കാലങ്ങളിൽ വന്യമൃഗഭീഷണിയുടെ കാരണം പറഞ്ഞും മഴക്കാലമെത്തുന്നതോടെ സുരക്ഷാഭീഷണി പറഞ്ഞും ഇക്കോ ടൂറിസം സെന്റർ പ്രവർത്തിക്കാതിരിക്കുന്നത് കാരണം പ്രദേശത്തെ വ്യാപാരികളും ഓട്ടോ, ടാക്സി ജീവനക്കാരും ജോലിയും കച്ചവടവുമില്ലാതെ ബുദ്ധിമുട്ടുകയാണ്.
കക്കയം, കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന നൂറുകണക്കിന് സഞ്ചാരികളാണ് കക്കയത്തെ പ്രധാന ആകർഷണകേന്ദ്രമായ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻകഴിയാതെ മടങ്ങുന്നത്. കെ.എസ്.ഇ.ബി.ക്ക് കീഴിലുള്ള കക്കയം ഹൈഡൽ ടൂറിസം സെൻ്റർ പ്രവർത്തനം തുടരുന്നുണ്ടെങ്കിലും ഉരക്കുഴിയിലേക്കുള്ള പ്രവേശനം ഇല്ലാത്തതിനാൽ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുള്ളത്.
ജീവിതം പ്രതിസന്ധിയിലായി ഗൈഡുകൾ
വനംവകുപ്പിന്റെ ഇക്കോ ടൂറിസം സെന്റർ അടച്ചതോടെ ഗൈഡുമാരുടെ ജീവിതം വീണ്ടും ദുരിതത്തിലായിരിക്കുകയാണ്. 2004 മുതൽ കക്കയം വനസംരക്ഷണസമിതിയുടെ കീഴിൽ ജോലിയിൽ പ്രവേശിച്ച 19 ഗൈഡുമാരുടെ ജീവിതമാണ് വീണ്ടും പ്രയാസത്തിലായത്. 600 രൂപ ദിവസവേതനത്തിൽ മാസത്തിൽ പതിനഞ്ചുദിവസമാണ് ഒരു ഗൈഡിന് ജോലി ലഭിച്ചിരുന്നത്. വന്യമൃഗശല്യത്തെത്തുടർന്ന് അടച്ചിട്ട ഇക്കോ ടൂറിസം സെന്റർ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചതിന്റെ സന്തോഷത്തിലായിരുന്ന ഗൈഡുമാരുടെ ആ പ്രതീക്ഷയാണ് വീണ്ടുമടഞ്ഞത്.
സഹായധനം അനുവദിക്കണം
കക്കയം ഇക്കോ ടൂറിസം സെന്റർ വിവിധ വിഷയങ്ങളുടെപേരിൽ ഇടയ്ക്കിടയ്ക്ക് അടയ്ക്കുന്നത് കാരണം ഗൈഡുമാരായി ജോലിചെയ്യുന്ന 19 പേരുടെ കുടുംബം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. മഴക്കാലം തുടങ്ങിയതോടെ മറ്റു തൊഴിൽമേഖലകൾകൂടി സ്തംഭിച്ച സാഹചര്യമുള്ളതിനാൽ അടിയന്തര ധനസഹായം അനുവദിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ആവശ്യമാണ് ഉയരുന്നത് .