Trending

എലിപ്പനിക്കെതിരെ ജാഗ്രതാ നിർദ്ദേശം

 *എലിപ്പനിക്കെതിരെ ജാഗ്രതാ നിർദ്ദേശം*

സംസ്ഥാനത്ത് മഴക്കാലം എത്തിയതോടെ പനിബാധിച്ച്‌ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. എലിപ്പനിബാധിച്ചാണ് ഏറ്റവും കൂടുതല്‍ പേർ ചികിത്സക്കെത്തുന്നത്. പനിബാധിച്ചാല്‍ സ്വയംചികിത്സ പാടില്ലെന്നും ഡോക്ടറുടെ അടുത്തെത്തി ചികിത്സതേടണം എന്നുമാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം. സംസ്ഥാനത്ത് ഇതുവരെ 911 പേരാണ് എലിപ്പനിബാധിച്ച്‌ ചികിത്സതേടിയത്. 48 പേർ മരിച്ചു. 2024 ജനുവരി മുതല്‍ ജൂണ്‍ ഏഴുവരെയുള്ള കണക്കാണിത്. മെയ് മാസം മാത്രം 192 പേർക്ക് എലിപ്പനി ബാധിച്ചു. എട്ട് പേർ മരിച്ചു. ജൂണ്‍ മാസത്തില്‍ ഇതുവരെ വരെ 55 പേർക്കാണ് എലിപ്പനി ബാധിച്ചത്. അഞ്ച് പേർ മരിച്ചു.


*നിർദ്ദേശങ്ങൾ*

കൈകാലുകളില്‍ മുറിവുകളുള്ളപ്പോള്‍ വെള്ളക്കെട്ടുകളിലും മലിനജലത്തിലും ഇറങ്ങരുത്.

ജോലിക്കായി വെള്ളത്തില്‍ ഇറങ്ങേണ്ടിവന്നാല്‍ മുറിവുകള്‍ വെള്ളംകടക്കാത്തവിധം പൊതിഞ്ഞ് സൂക്ഷിക്കുക.

രോഗസാധ്യത കൂടിയ ഇടങ്ങളില്‍ ജോലിചെയ്യുന്നവർ കൈയുറകളും കാലുറകളും ധരിക്കുക.

ജോലിചെയ്യുന്ന കാലയളവില്‍ പ്രതിപോധമരുന്നായ ഡോക്സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം കഴിക്കണം. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഡോക്സിസൈക്ലിൻ ഗുളിക സൗജന്യമായി ലഭിക്കും.

നാല് അവയവങ്ങള്‍ അപകടത്തിലാകും.  എലിപ്പനി സങ്കീർണമായാല്‍ പല ആന്തരിക അവയവങ്ങളെയും ബാധിക്കും. പ്രവർത്തനം നിലയ്ക്കും. മള്‍ട്ടി ഓർഗൻ സിസ്റ്റം ഫെയിലിയർ എന്നാണിത് അറിയപ്പെടുന്നത്. പ്രധാനമായും നാലുതരത്തിലാണ് സങ്കീർണത വരുന്നത്.

*കരള്‍* 

കരളിനെ ബാധിച്ച്‌ മഞ്ഞപ്പിത്തം വരാം. കരളിന്റെ പ്രവർത്തനം നിലയ്ക്കാം. വീല്‍സ് സിൻഡ്രോം എന്ന സങ്കീർണാവസ്ഥ ഉണ്ടാകുന്നു.

*ശ്വാസകോശം*

അക്യൂട്ട് റസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്ന അവസ്ഥ വരും. കഠിനമായ ശ്വാസംമുട്ട്, ചുമ എന്നിവ ഉണ്ടാകും.

*വൃക്കകള്‍* 

അക്യൂട്ട് കിഡ്നി ഇൻജ്വറി എന്ന അവസ്ഥ വന്ന് വൃക്കയ്ക്ക് പരാജയം സംഭവിക്കും. മൂത്രം കുറയും. ക്രിയാറ്റിനിൻ കൂടും.

*ഹൃദയം*

മയോഗാർഡൈറ്റിസ് എന്ന സങ്കീർണത വരും. ബി.പി താഴും, ശ്വാസംമുട്ടും, ഹൃദയപരാജയം വരും.

*രോഗാണു*

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ. മാസങ്ങളോളം നശിക്കാതെ കിടക്കാനുള്ള ശേഷി.

*രോഗവാഹകർ*

പ്രധാനമായും എലി. കന്നുകാലികള്‍, പന്നി, നായ എന്നിവയും വാഹകരാവാം. രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലാശയങ്ങള്‍, ഓടകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് രോഗം പകരാം.

*പകരുന്നത്*

ശരീരത്തിലെ മുറിവുകളിലൂടെയാണ് പ്രധാനമായും രോഗാണുക്കള്‍ പ്രവേശിക്കുക. വായ, കണ്ണ്, മൂക്ക് എന്നിവിടങ്ങളിലെ കനം കുറഞ്ഞ ശ്ലേഷ്മസ്തരം വഴിയും പകരാം.

*ലക്ഷണങ്ങള്‍*

സാധാരണ വൈറല്‍ പനിയുമായി ഏറെ സാമ്യം. പനിയോടൊപ്പം അതിശക്തമായ പേശിവേദന, തലവേദന, കണ്ണില്‍ ചുവപ്പ്, ശരീരത്തില്‍ പാടുകള്‍, മഞ്ഞപ്പിത്തം. ഒരു കാര്യം പ്രത്യേകം ഓർത്തുവെയ്ക്കുക... തുമ്മലും മൂക്കൊലിപ്പുമൊന്നും എലിപ്പനിയില്‍ ഉണ്ടാകില്ല.

*പ്രതിരോധിക്കാൻ*

മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കുക, തൊഴിലാളികള്‍ പ്രത്യേകം ശ്രദ്ധിക്കുക, ഡോക്സിസൈക്ലിൻ പ്രതിരോധ മരുന്നായി അധികൃതരുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കാം.

Post a Comment

Previous Post Next Post