തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴ തുടരാൻ സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും ഒരു ജില്ലകളിലും അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഓറഞ്ച്, റെഡ് അലേർട്ടുകൾ ഒരിടത്തും നൽകിയിട്ടില്ല.
തിങ്കളാഴ്ച (17 -06-2024) ആലപ്പുഴ, എറണാകുളം, തൃശ്യൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച (18-06-2024) കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കേരള തീരത്തും തമിഴ്നാട് തീരത്തും നാളെ (16-06-2024 ന്) രാത്രി 11.30 വരെയും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
സംസ്ഥാനത്ത് വരും മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും എറണാകുളം ജില്ലയിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തിയെങ്കിലും സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞ സാഹചര്യമാണുള്ളത്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതൊഴിച്ചാൽ മഴയുടെ കരുത്ത് കുറഞ്ഞു. ഇടിമിന്നലോട് കൂടിയ മഴയാണ് പലയിടത്തും ലഭിച്ചത്. ജൂൺ അവസാനത്തോടെ മഴ ശക്തമാകാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.
Tags:
Latest