*ബംഗാളില്‍ നാലുവയസുകാരിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു; അഞ്ചുവര്‍ഷത്തിന് ശേഷം രാജ്യത്ത് ആദ്യം*
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാലുവയസുകാരിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. 2019ന് ശേഷം രാജ്യത്ത് ആദ്യമായാണ് മനുഷ്യനിലും രോഗം കണ്ടെത്തിയത്. നാലുവയസുകാരിക്ക് രോഗം ബാധിച്ച കാര്യം ലോകാരോഗ്യ സംഘടനയാണ് സ്ഥിരീകരിച്ചത്.
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, കടുത്ത പനി, വയറുവേദന എന്നിവ കാരണം ഫെബ്രുവരിയിലാണ് രോഗിയെ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ (ഐസിയു) പ്രവേശിപ്പിച്ചത്. രോഗനിര്‍ണയവും ചികിത്സയും നടത്തി മൂന്ന് മാസത്തിന് ശേഷം പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു.
രോഗിക്ക് വീട്ടിലും ചുറ്റുപാടുകളിലുമായി കോഴിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിലും മറ്റ് സമ്പര്‍ക്കങ്ങളിലും ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങള്‍ ആരിലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.2019ലാണ് ഇതിന് മുന്‍പ് മനുഷ്യനില്‍ രോഗബാധ കണ്ടെത്തിയത്.