നോബിൾ ജോസ്
വൈറ്റ്ഹാവൻ (യു കെ) കുംബ്രിയായിലെ വൈറ്റ്ഹാവനിൽ മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം അന്തരിച്ചു.
കോഴിക്കോട് മരുതോങ്കര സ്വദേശി നോബിൾ ജോസാണ് (42) യു കെ യിലെത്തി ആറു മാസം തികയുമ്പോളേക്കും മരണത്തിന് കീഴടങ്ങിയത്.
രാവിലെ വിളിച്ചിട്ടും ഉണരാതെ നോബിൾ നിശ്ചലമായി കിടക്കുന്നതു കണ്ടു ഭാര്യ അജിന ആംബുലൻസ് വിളിച്ചു വരുത്തിയെങ്കിലും പരിശോധനയിൽ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
നോബിളിന് രണ്ട് വർഷം മുമ്പ് വൃക്ക മാറ്റിവച്ചിരുന്നു. സ്വന്തം സഹോദരനായ ജസ്റ്റിൻ ആയിരുന്നു അന്ന് വൃക്ക നല്കിയത്. തുടർന്ന് ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെ ജീവിതം നയിച്ചു പോകവേ കടബാധ്യതകൾ തീർക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്കായിട്ടാണ് യു കെ യിലെത്തിയത്.
കഴിഞ്ഞ മാസം ആരോഗ്യ നിരീക്ഷണത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാൽ ഡിസ്ചാർജ് ചെയ്തു.
കുംബ്രിയായിൽ എത്തിയ നോബിൾ, വൈറ്റ്ഹാവൻ, കെൽസ് സെന്‍റ് മേരീസ് സിറോ മലബാർ കമ്മ്യൂണിറ്റിയിൽ സജീവമായി. മതബോധന അധ്യാപന രംഗത്തും പ്രാർഥനാ കൂട്ടായ്മകയിലും സജീവമായി പ്രവർത്തിച്ചിരുന്നു.
സിറോ മലബാർ മിഷൻ വൈദികനായ ഫാ. അജീഷ് കുമ്പുക്കൽ ഇന്ന് നോബിളിന്‍റെ ഭവനത്തിൽ ഒപ്പീസ് ചൊല്ലുകയും പ്രാർഥനകൾക്കു നേതൃത്വം നല്കുകയും ചെയ്യും.
കോഴിക്കോട്, മരുതോങ്കര വള്ളിക്കുന്നേൽ കുടുംബാംഗമാണ്.
നാട്ടിൽ മരുതോങ്കര സെന്‍റ് മേരീസ് ഫൊറോനാ ഇടവകാംഗമാണ്.
വൈറ്റ്ഹാവനിൽ 'ചർച്ച് വ്യൂ' നേഴ്സിങ് ഹോമിൽ ജോലി കണ്ടെത്തി ജീവിതം തുടങ്ങുന്നിടത്തുനിന്നാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്.
വയനാട് മാനന്തവാടി തുടിയൻപറമ്പിൽ കുടുംബാംഗമായ ഭാര്യ അജീന ജോസ് വെസ്റ്റ് കുംബർലാൻഡ് ഹോസ്പിറ്റലിൽ നഴ്‌സിങ്ങ് ജോലിക്കായി എട്ടു മാസം മുൻപാണ് എത്തുന്നത്.
നോബിളും മക്കളായ ജൊഹാൻ (12 ) അലീഷ (10 ) എന്നിവരും പിന്നീടാണ് യുകെയിലെത്തിയത്.