Trending

പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതിപ്രകാരം നവീകരിക്കുന്ന രണ്ടുറോഡുകളിൽ ടാറിങ് നടത്തിയില്ല

 


നടുവണ്ണൂർ: പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതിപ്രകാരം നവീകരിക്കുന്ന രണ്ടുറോഡുകളിൽ ടാറിങ് നടത്തിയില്ല. നടുവണ്ണൂർ-വാകയാട്-കൊട്ടാരമുക്ക്, വാകയാട് ഹയർസെക്കൻഡറി സ്കൂൾമുക്ക്-പാലോളിമുക്ക് റോഡുകളുടെ നവീകരണമാണ് ആരംഭിച്ചത്. രണ്ടുറോഡുകളിലും ജലജീവൻ മിഷന് കുഴികളെടുക്കുകയുംചെയ്തതോടെ വാഹനങ്ങൾക്ക് കടന്നുപോകാനോ കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാനോ പറ്റാതായി. കഴിഞ്ഞ നവംബറിലാണ് നവീകരണമാരംഭിച്ചത്. കാലവർഷം തുടങ്ങുന്നതിനുമുമ്പ് ടാറിങ് പൂർത്തിയാക്കാൻ അവസരമുണ്ടായിട്ടും നടത്തിയില്ല. നടുവണ്ണൂർ-കൊട്ടാരമുക്ക് റോഡിൽ അടങ്കലിൽ പറഞ്ഞപ്രകാരം വാകയാട് കനാൽപ്പാലം പുനർനിർമിച്ചിട്ടുണ്ട്. 750 മീറ്റർ ഓവുചാലുകളും നിർമിച്ചു. കലുങ്കുകളുടെ പണിയും പൂർത്തിയാക്കി. പലസ്ഥലത്തും ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച കോൺക്രീറ്റ് ഷോൾഡർ കുത്തിപ്പൊളിച്ചാണ് ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിയെടുത്തത് സർവം ചെളിമയം


പറമ്പിൻതോട് പാലത്തിനടുത്ത് ബാലുശ്ശേരി റോഡ് തുടങ്ങുന്ന ഇടംവരെ ചെളിനിറഞ്ഞ സ്ഥിതിയാണ്. വാഹനങ്ങൾ കുഴികളിൽ താഴുന്നത് പതിവാണ്. അഞ്ച് സ്വകാര്യബസുകൾ സർവീസ് നടത്തുന്ന റോഡാണിത്. വാഹനങ്ങൾക്ക് കടന്നുപോകാൻപറ്റാത്ത സ്ഥിതിയായതിനാൽ സർവീസ് നിർത്തിവെക്കുമെന്ന് ബസ്സുടമകളും തൊഴിലാളികളും മുന്നറിയിപ്പുനൽകിയിരുന്നു. റോഡിന്റെ തെക്കുഭാഗത്തെ കുഴികളിലെ മുകൾമണ്ണ് നീക്കി ക്വാറിമിശ്രിതം നിറയ്ക്കുന്നുണ്ടെങ്കിലും വടക്കുഭാഗത്ത് ജലജീവൻമിഷന് വേണ്ടിയെടുത്ത കുഴികൾ ഇനിയും നികത്തിയിട്ടില്ല. കാലവർഷം കനത്താൽ ഗതാഗതം മുടങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.നേരത്തേ നിർമിച്ച ഓവുചാലുകൾ പലതും തകർന്നിട്ടുണ്ട്. ഉരുളുമ്മൽത്താഴെ, പാറക്കൽത്താഴെ, പുതിയേടത്ത് ഭാഗം, കുനിയിൽത്താഴെ ആമയാട്ട് താഴെ എന്നിവിടങ്ങളിലാണ് ഓവുചാലുകൾ തകർന്നിരിക്കുന്നത്. ഉൾനാടൻ റോഡുകൾവഴി മലവെള്ളം ഒഴുകിയെത്തി റോഡ് നശിക്കുന്ന സ്ഥിതിയുമുണ്ട്. തെരുവിൻതലക്കൽ, താഴത്താട്ടിൽ, പാറക്കൽത്താഴെ, കുന്നത്ത് താഴെ എന്നീ റോഡുകളിൽനിന്നാണ് വെള്ളം ഒഴുകിയെത്തുന്നത്. ഇവിടെ റോഡിലേക്ക് വെള്ളമെത്താതിരിക്കാൻ ഇരുമ്പഴികൾവെച്ച് വെള്ളം ഓവുചാലിലേക്ക് ഇറക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 5.34 കിലോമീറ്റർ വരുന്ന റോഡ് 4.5 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്.

Post a Comment

Previous Post Next Post