Trending

രാത്രി ഏറെ വൈകിയാണോ ഉറക്കം? എങ്കിൽ കിട്ടും എട്ടിന്റെ പണി




രാത്രി ഏറെ വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നതാണ് പുതിയ കാലത്തെ ട്രെൻഡ്. കോവിഡിനുശേഷം ഇത് സാർവത്രികമായ ശീലമായി മാറി. മൊബൈലിന്റെ ഉപയോഗം ഉറക്കമിളപ്പിന്റെ ഗ്രാഫ് കുത്തനെ ഉയർത്തി. എന്നാൽ, മൂങ്ങയുടെ സ്വഭാവം കാണിച്ച് പുലർച്ചെ ഒരു മണിക്ക് ശേഷം ഉറങ്ങാൻ പോവുന്നത് സ്ഥിരമാക്കിയിട്ടുണ്ടെങ്കിൽ എട്ടിന്റെ പണി കിട്ടുമെന്നാണ് ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ പുതിയ പഠനം പറയുന്നത്.

ഉറക്കം ഒരു ആഡംബരമല്ല. മറിച്ച് നമ്മുടെ മസ്തിഷ്കം മികച്ച രീതിയിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണെന്ന് ഈ പഠനം പറയുന്നു.പുലർച്ചെ 1 മണിക്ക് മുമ്പ് ഉറങ്ങാൻ കിടക്കുന്ന ആളുകൾക്ക് ആരോഗ്യകരമായ മാനസികശേഷി ഉണ്ടെന്നാണ് കണ്ടെത്തൽ. 1മണിക്കുശേഷവും ഉണർന്നിരിക്കുന്ന ആളുകൾക്ക് ഏറ്റവും മോശമായ മാനസികാരോഗ്യം കാണപ്പെട്ടു.

യു.കെ ബയോബാങ്കിൽ നിന്നുള്ള 73,888 ആളുകളുടെ വിവരങ്ങൾ ഗവേഷണത്തിനായി ഇവർ വിശകലനം ചെയ്തു. താളംതെറ്റിയ ഉറക്കത്തിലൂടെ എന്തൊക്കെ പ്രശ്നങ്ങളെയാണ് നമ്മൾ കൂടെക്കൂട്ടുന്നതെന്നറിയേണ്ടേ?ക്രമരഹിതമായ ഉറക്കം ‘സർക്കാഡിയൻ താള’ത്തെ തടസ്സപ്പെടുത്തുന്നു

നമ്മുടെ തലച്ചോറിനെ പ്രകൃതിയുടെ മാറ്റവുമായി ബന്ധിപ്പിച്ച് നിയന്ത്രിക്കുന്ന 24 മണിക്കൂർ സ്വാഭാവിക ചക്രത്തിലാണ് നമ്മുടെ ശരീരം പ്രവർത്തിക്കുന്നത്. ഇത് ‘സർക്കാഡിയൻ റിഥം’ എന്നാണ് അറിയപ്പെടുന്നത്. അർധരാത്രിക്കുശേഷം സ്ഥിരമായി ഉറങ്ങാൻ പോകുന്നത് ശരീരത്തിന്റെ ആന്തരിക ഘടികാരവും ബാഹ്യലോകവും തമ്മിലുള്ള പൊരുത്തക്കേടിലേക്ക് നയിക്കുന്നു.

ഈ പൊരുത്തക്കേട് ഉറക്കത്തിലേക്ക് പ്രവേശിക്കാനും തുടർച്ചയായ ഉറക്കത്തിനും പ്രയാസം സൃഷ്ടിക്കുമെന്ന് മാത്രമല്ല വിട്ടുമാറാത്ത ഉറക്കമില്ലായ്മക്കും കാരണമാകുന്നു. ഇത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക വൈകല്യങ്ങളിലേക്ക് നയിക്കും.ജോലിക്കായി നേരത്തെ എഴുന്നേൽക്കാൻ വൈകി ഉറങ്ങുന്നശീലം ഉറക്കത്തിന്റെ സമയം കുറക്കും. ഉറക്ക-ഉണർവ് ചക്രങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ പീനൽ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോർമോണായ ‘മെലാടോണി’ന്റെ ഉൽപാദനത്തെയും ഇത് സാരമായി ബാധിക്കും.


വിവിധ ഘട്ടങ്ങളുള്ള ഒരു സങ്കീർണ പ്രക്രിയയാണ് ഉറക്കം. ഓരോ ഘട്ടവും നമ്മുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഗാഢനിദ്ര ശരീരത്തെ നന്നാക്കുകയും പുനഃർ നിർമിക്കുകയും ചെയ്യുന്നു. സ്വപ്‌നങ്ങൾ കാണുമ്പോൾ സംഭവിക്കുന്ന കണ്ണിന്റെ ദ്രുതഗതിയിലുള്ള ചലനം (REM) നമ്മുടെ ഓർമകളെ ശക്തിപ്പെടുത്തുകയും വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. എന്നാൽ, വൈകിയുള്ള ഉറക്കം ഇങ്ങനെയുള്ള സുപ്രധാന രോഗശമന ഘട്ടങ്ങൾക്കുള്ള സമയത്തെയാണ് കവർന്നെടുക്കുന്നത്.

എന്താണ് ഉറക്കവും മാനസികാരോഗ്യവും തമ്മിലുള്ള രസതന്ത്രം?

ഉറക്കത്തിൽ പ്രത്യേകിച്ച് ഗാഢനിദ്രയിൽ മസ്തിഷ്കം വിഷവസ്തുക്കളും ഉപാപചയ മാലിന്യങ്ങളും നീക്കം ചെയ്യുകയും അടുത്ത ദിവസത്തെ ആവശ്യങ്ങൾക്കായി തയ്യാറെടുക്കുകയും ചെയ്യുന്നു. എന്നാൽ, മതിയായ ഉറക്കത്തിന്റെ അഭാവത്തിൽ ഈ പദാർഥങ്ങൾ അരിച്ചുനീക്കാൻ കഴിയില്ല. ഇവ കുമിഞ്ഞുകൂടുമ്പോൾ ശ്രദ്ധ, ഏകാഗ്രത, തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ വൈകല്യങ്ങളിലേക്ക് നയിക്കുന്നു. പുതിയ വിവരങ്ങൾ നേടിയെടുക്കുന്നതിലും നിലനിർത്തുന്നതിലും തലച്ചോറിന്റെ കാര്യക്ഷമത കുറയുന്നതിനാൽ ഇത് പഠനത്തെയും ഓർമയെയും തടസ്സപ്പെടുത്തും. ന്യൂറോ പ്ലാസ്റ്റിസിറ്റിക്ക് ഉറക്കം അത്യന്താപേക്ഷിതമാണ്. പുതിയ ന്യൂറൽ കണക്ഷനുകൾ രൂപപ്പെടുത്തി സ്വയം പുനഃസംഘടിപ്പിക്കാനുള്ള തലച്ചോറിന്റെ കഴിവാണ് ന്യൂറോ പ്ലാസ്റ്റിസിറ്റി. അപര്യാപ്തമായ ഉറക്കം ഈ പ്രക്രിയയെ തടസ്സപ്പെടുത്തുകയും പഠനത്തെയും പൊരുത്തപ്പെടുത്തലിനെയും ബാധിക്കുകയും ചെയ്യും. മോശം ഉറക്കം രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു. ഇത് മസ്തിഷ്ക വീക്കം, അണുബാധകൾ എന്നിവക്ക് കാരണമാകുന്നു. ഇതെല്ലാം വൈജ്ഞാനിക പ്രവർത്തനങ്ങളെ കൂടുതൽ ദുർബലമാക്കും.

സ്ട്രെസ് ഹോർമോണുകളെ ഉയർത്തും

കുറഞ്ഞ ഉറക്കം സ്ട്രെസ് ഹോർമോണുകളുടെ അമിത ഉൽപാദനത്തിന് കാരണമാകുകയും വ്യക്തിയെ കൂടുതൽ ഉത്കണ്ഠക്ക് വിധേയമാക്കുകയും ചെയ്യും. ക്രമേണ, ഇത് പാനിക് ഡിസോർഡർ, ഉത്കണ്ഠ സംബന്ധമായ മറ്റ് അവസ്ഥകൾ എന്നിവയിലെത്തിക്കും. ഇതെല്ലാം വർധിച്ച ദേഷ്യത്തിലേക്കും മാനസിക സമ്മർദ്ദത്തെയും വെല്ലുവിളികളെയും നേരിടാനുള്ള കഴിവില്ലായ്മയിലേക്കും നയിക്കും. മോശമായ ഉറക്കം വിഷാദരോഗത്തിന്റെ തുടക്കത്തിനും അസ്ഥിരതക്കും കാരണമാകും. വിഷാദം ഉറക്കത്തെ കൂടുതൽ തടസ്സപ്പെടുത്തുകയും ഒരു മേശാം ചക്രം സൃഷ്ടിക്കുകയും ചെയ്യും.

ഉറക്കം തലച്ചോറിലെ രാസവസ്തുക്കളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

1) ഉണർന്നിരിക്കുമ്പോൾ തലച്ചോറിൽ ‘അഡിനോസിൻ’ അടിഞ്ഞുകൂടുകയും ഉറക്കം വരാതിരിക്കുകയും ചെയ്യുന്നു.

2) GABA (ഗാമാ-അമിനോബ്യൂട്ടിക് ആസിഡ്): ഇത് തലച്ചോറിലെ ന്യൂറോ സംബന്ധമായ പ്രവർത്തനം കുറക്കുകയും വിശ്രമവും ഉറക്കവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

3) ഒറെക്സിൻ (ഹൈപ്പോക്രെറ്റിൻ): ഇത് ഉണർവിനെ നിയന്ത്രിക്കുന്നു. അമിതമായ പകൽ ഉറക്കമാണ് കുറഞ്ഞ അളവിലുള്ള ഓറെക്സിൻ കാണിക്കുന്നത്.

4)അസറ്റൈൽകോളിൻ ഉറക്കത്തിലെ കണ്ണിന്റെ ദ്രുത ചലനത്തിൽ (REM) പ്രധാനമാണ്. ഉറക്കവുമായി ബന്ധപ്പെട്ട ഗുണകരമായ പ്രവർത്തനങ്ങൾക്ക് REM സംഭാവന നൽകുന്നു.

Post a Comment

Previous Post Next Post