Trending

കൊല്ലത്തെ യുവതി സ്വന്തം വീട്ടിൽ കവർച്ച നടത്തിയത് മുൻകൂട്ടി പ്ലാൻ ചെയ്ത്



കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ യുവതിയും ഭർത്താവും ചേർന്ന് മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്നത് കൃത്യമായ ആസൂത്രണത്തിനൊടുവിൽ. ഉളിയകോവിൽ സ്വദേശി പാർവ്വതിയും ഭർത്താവ് ഉമയനല്ലൂർ സ്വദേശി ശരത്തും ചേർന്നാണ് പാർവതിയുടെ മുത്തശ്ശി യശോദയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നെടുത്ത് കടന്നു കളഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് പാർവതിയേയും ഭർത്താവിനെയും കഴക്കൂട്ടത്തുനിന്നും കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
85 വയസുള്ള മുത്തശ്ശിയുടെ സ്വർണവും പണവും പാർവതി നേരത്തേ തന്നെ നോട്ടമിട്ടിരുന്നു. യശോദയുടെ കൈവശമുള്ള സ്വർണവും പണവും തട്ടിയെടുക്കാൻ കൊച്ചുമകൾ പാർവതിയും ഭർത്താവ് ശരത്തും കാത്തിരുന്നു. വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ സമയം നോക്കി ലക്ഷ്യം നടപ്പാക്കി. മുത്തശ്ശിയെ കെട്ടിയിട്ട് ദേഹത്ത് അണിഞ്ഞിരുന്ന കമ്മലും, വളയും കൈക്കലാക്കി. അലമാരയിൽ പണമുണ്ടെന്ന് മനസിലാക്കി താക്കോൽ ചോദിച്ചെങ്കിലും യശോദ നൽകിയില്ല. തുടർന്ന അലമാര കുത്തി തുറന്ന് 25,000 രൂപ കവർന്നു. പിന്നാലെ ഇരുവരും രക്ഷപ്പെട്ടു.

മുത്തശ്ശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. പാരിപ്പള്ളിയിലെ ലോഡ്ജിലാണ് പ്രതികൾ താമസിച്ചിരുന്നത്. ഇതറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും അവിടെ നിന്ന് കടന്നിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ദമ്പതികൾ തിരുവനന്തപുരത്ത് ഉണ്ടെന്ന് മനസിലാക്കി. ഇന്നലെ രാത്രിയോടെ കഴക്കൂട്ടത്ത് നിന്ന് കൊല്ലം ഈസ്റ്റ് പൊലീസ് പ്രതികളെ പിടികൂടി. ശരത്ത് മറ്റൊരു മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post