മുംബൈ: വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഏഴംഗ കുടുംബം ഒഴുക്കിൽപെട്ടു, അഞ്ചുപേർക്ക് ദാരുണാന്ത്യം. ഒരു പുരുഷനും സ്‌ത്രീയും കുട്ടിയുമടക്കം അഞ്ച് പേരാണ് ഒഴുക്കിൽപെട്ട് മരിച്ചത്. രണ്ടുപേർ നീന്തി കരയ്‌ക്കു കയറിയതായാണ് സംഭവം കണ്ടവർ അറിയിക്കുന്നത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് 1.30ഓടെയാണ് ദാരുണസംഭവമുണ്ടായത്. സംഭവമറിഞ്ഞ് നിമിഷനേരങ്ങൾക്കകം പ്രദേശവാസികളും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അവധിക്കാലം ആഘോഷിക്കാനായി മുംബയ്ക്ക് 80 കിലോമീറ്റർ അകലെയുള്ള ലോണാവാലയിലെ ഒരു ഹിൽസ്റ്റേഷനിലെത്തിതായിരുന്നു കുടുംബം. ഇതിനിടെയാണ് ദുരന്തത്തിനിരയായത്.
ഡാമിലെ വെള്ളച്ചാട്ടത്തിന് നടുവിൽ ഏഴംഗ കുടുംബം നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.മൺസൂൺ കാലമായതിനാൽ ഡാമിൽ വെള്ളം നിറഞ്ഞുകിടക്കുകയായിരുന്നു. ഇത് ശക്തമായ വെള്ളപ്പാച്ചിലിന് ഇടയാക്കി. ഇതാണ് അപകടമുണ്ടാക്കിയത്.
ഏഴംഗ കുടുംബം ശക്തമായ ജലപാതത്തിൽ മെല്ലെ കരയിലേക്ക് നീങ്ങുകയായിരുന്നു ഇതിനിടെ നിമിഷങ്ങൾക്കകം ഒഴുക്കിൽ പെടുകയായിരുന്നു. പായൽ നിറഞ്ഞ പാറക്കെട്ടിലാണ് കുടുംബം നിന്നിരുന്നതെന്നും ഇവിടെനിന്നും അടിയിലെ പാറക്കൂട്ടത്തിലേക്ക് കാൽവഴുതി വീണതാകാമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
സംഭവത്തെ തുടർന്ന് ഡാം ഭാഗത്തെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് സംശയമുണർന്നു. ഇവിടെ വെള്ളച്ചാട്ടത്തിന് നടുവിൽ വരെ ഫുഡ്‌സ്റ്റാളുകളുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മാത്രമല്ല മതിയായ സുരക്ഷാ ജീവനക്കാരില്ലാത്തതിനാൽ സ്ഥലപരിചയമില്ലാത്ത വിനോദയാത്രികർ അപകടത്തിൽ പെടുകയാണ്.
Tags:
Latest