Trending

പാറ പൊട്ടിക്കണം : ജില്ലാ കളക്ടറെ കണ്ട് പഞ്ചായത്ത് പ്രസിഡന്റ്



കൂരാച്ചുണ്ട് :പഞ്ചായത്തിലെ ഏഴാം വാർഡിൽ മണിച്ചേരി താഴ്ഭാഗത്ത് കനത്ത മഴയെ തുടർന്ന് ഉരുണ്ടെത്തിയ കല്ല് പൊട്ടിച്ചു മാറ്റാൻ തീരുമാനമായില്ല. പ്രദേശത്തെ ജനങ്ങളുടെ ജീവനും - സ്വത്തിനും ഭീഷണിയായ പാറ അടിയന്തിരമായി പൊട്ടിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണഅതോറിറ്റി അധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടറുമായുള്ള കൂടിക്കാഴ്ചയിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ആവശ്യപ്പെട്ടു. തഹസീൽദാർ തന്ന റിപ്പോർട്ട് ജിയോളജി വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും, ആവശ്യമായ നടപടികൾ വേഗത്തിൽ കൈകൊള്ളുമെന്നും കളക്ടർ അറിയിച്ചതായി പ്രസിഡന്റ് പറഞ്ഞു.

മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴ കനക്കുന്ന സാഹചര്യമുണ്ടായാൽ ഉരുൾപൊട്ടിയെത്തിയ ഭീമൻ പാറയും, വിള്ളൽ സംഭവിച്ച പാറക്കൂട്ടങ്ങളും താഴേക്ക് പതിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. പാറ നിക്കുന്നതിന്റെ 500 മീറ്റർ മാത്രം താഴ്ഭാഗത്തെ പുത്തേട്ട് താഴെ മേഖലയിലെ പത്ത് കുടുംബങ്ങളെയും, ഏക്കറുകണക്കിന് കൃഷിയിടങ്ങളേയും ഗുരുതരമായി ബാധിക്കുന്ന വിഷയമാണിത്.

അപകട ഭീഷണിയെ തുടർന്ന് മാറി താമസിച്ച കുടുംബങ്ങൾ മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് ഇപ്പോൾ പ്രശ്ന ബാധിത മേഖലയിൽ തന്നെയാണ് താമസിക്കുന്നതെന്നത് ആശങ്ക വർധിപ്പിക്കുകയാണ്.

Post a Comment

Previous Post Next Post