കൂരാച്ചുണ്ട് : ബോധവല്‍ക്കണവും താക്കീതും മാതാപിതാക്കള്‍ക്കുളള ഉപദേശവുമൊക്കെ കൊടുത്തിട്ടും കൊച്ചുകുട്ടികളുടെ ബൈക്ക് സവാരി തുടരുകയാണ്. സ്കൂളുകളിലേക്ക് മൂന്നു പേരെ കയറ്റിയാണ് മിക്ക ഇരുചക്രവാഹനങ്ങളും എത്തുന്നത്. വളവുകളിൽപ്പോലും തമ്പടിച്ച് പോലീസ്-മോട്ടോർ വാഹനവകുപ്പ് അധികൃതരുടെ വാഹനപരിശോധനയും നടക്കുന്ന കാലത്തും കുട്ടിഡ്രൈവർമാരുടെ നിരത്തിലെ കുറവില്ല. കൂരാച്ചുണ്ട് പഞ്ചായത്തിലെയും പരിസരങ്ങളിലേയും സ്കൂളുകളിലും കലാലയങ്ങളിലും ലൈസൻസില്ലാതെ വാഹനങ്ങളുമായെത്തുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്.
എസ്.എസ്.എൽ.സി.ക്കും പ്ലസ് ടുവിനും പഠിക്കുന്ന പ്രായപൂർത്തിയാവാത്ത കൗമാരക്കാർ സ്കൂൾ യൂണിഫോമിലും അല്ലാതെയും നിരത്തിലൂടെ വാഹനങ്ങളിൽ ചീറിപ്പായുന്നത് മേഖലയിൽ പതിവുകാഴ്ചയായിരിക്കുകയാണ്. മൂന്നു പേരെ വരെ കയറ്റി ഹെൽമറ്റില്ലാതെ അതിവേഗത്തിൽ കുതിക്കുന്ന ഇവർ മറ്റു യാത്രികർക്കും ഭീഷണിയാണ്. രക്ഷിതാക്കൾ അറിഞ്ഞും അറിയാതെയുമെല്ലാമാണ് കുട്ടികളുടെ ഈ നിയമലംഘനം.
ഹെൽമെറ്റ് ധരിക്കുന്നത് പോലും പലർക്കും അലർജിയാണ്. മൊബൈൽഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നവരും കുറവല്ല. മരണത്തിലേക്ക് നീളുന്ന ഇത്തരം അപകടയാത്രകൾ തടയാൻ രക്ഷിതാക്കളോ, നിയമപാലകരോ കാര്യമായി ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
സ്കൂൾ പരിസരത്തും വീടുകളിലും പാതയോരങ്ങളിലും ബൈക്ക് വച്ചിട്ടാണ് കുട്ടികള്‍ സ്കൂളിലെത്തുന്നത്. അപകടമുണ്ടാക്കുമെന്നതിനാല്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുന്നത് ഒഴിവാക്കും. എന്നാല്‍ അപകടകരമായ സാഹചര്യം ഒഴിവാക്കാന്‍ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ബോധവൽക്കരണം നല്‍കാനും നിയമ നടപടികൾ കർശനമാക്കാനുമാണ് പൊലീസിന്റെ ശ്രമം.