പെരുവണ്ണാമൂഴി : ജലപ്പരപ്പുകളിൽ സാഹസിക വിസ്മയം ഒരുക്കാൻ, കുറ്റ്യാടിപ്പുഴയിലെ മീൻതുള്ളിപ്പാറയിൽ ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം കയാക്കിങ്ങിന് വേദിയൊരുങ്ങുന്നു. കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവല്ലിന്റെ ഭാഗമായാണ് ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപ്പാറയിലും ജൂലായ് 25-ന് കയാക്കിങ് നടക്കുന്നത്.
2017-ലും 2018-ലും കയാക്കിങ് ചാമ്പ്യൻഷിപ്പ് നടന്നപ്പോൾ കാണികളായി ഒട്ടേറെപ്പേരാണ് എത്തിയത്. കോടഞ്ചേരിയിൽ കയാക്കിങ് മത്സരം പിന്നീടുള്ള വർഷങ്ങളിലും തുടരുന്നെങ്കിലും മീൻതുള്ളിപ്പാറയിൽ പിന്നീട് കയാക്കിങ് എത്തിയില്ല. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയതിനെത്തുടർന്നാണ് വീണ്ടും കയാക്കിങ്ങിന് അവസരമൊരുങ്ങിയത്. പരിപാടിയുടെ വിജയത്തിനായി കെ. സുനിൽ ചെയർമാനും എം.പി. പ്രകാശൻ കൺവീനറും കെ.എ. ജോസുകുട്ടി ഖജാൻജിയുമായി സ്വാഗതസംഘം രൂപവത്കരിച്ചു.
ഫ്രീസ്റ്റൈൽ വൈറ്റ് വാട്ടർ കയാക്കിങ് ഇനത്തിലാണ് മീൻതുള്ളിപ്പാറയിൽ മത്സരം സംഘടിപ്പിക്കാറുള്ളത്. കടന്തറപ്പുഴയുടേയും മൂത്തേട്ട് പുഴയുടേയും സംഗമ സ്ഥലത്തിന് സമീപമാണ് മീൻതുള്ളിപ്പാറ. പാറക്കെട്ടുകൾ നിറഞ്ഞ പുഴയിൽ മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകുമ്പോഴാണ് മത്സരത്തിന് അനുയോജ്യം. ശക്തമായ ഒഴുക്കും ചുഴികളുമുള്ള മേഖലയിൽ ഓളപ്പരപ്പുകൾക്കൊപ്പം ബോട്ടുകൾ ഉയർന്നു പൊങ്ങുന്നത് കാണികൾക്ക് മനോഹരമായ കാഴ്ചയായിരുന്നു. ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമനി, ന്യൂസീലൻഡ്, മൊണ്ടിനെഗ്രോ, നേപ്പാൾ, അയർലൻഡ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്നെല്ലാം മത്സരത്തിൽ പങ്കെടുക്കാൻ കായികതാരങ്ങൾ മുമ്പ് മീൻതുള്ളിപ്പാറയിൽ എത്തിയിരുന്നു.
ഒട്ടേറെ സഞ്ചാരികളെത്തുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് മീൻതുള്ളിപ്പാറ പ്രദേശം. ചെറിയ പാറക്കെട്ടുകൾ ചിന്നിച്ചിതറി ഒഴുകുന്നപുഴ ഇവിടെ ഏറെ മനോഹരിയാണ്. വേനൽക്കാലത്ത് വെള്ളം കുറയുമ്പോൾ പുഴയിലിറങ്ങി കുളിക്കാനും സായാഹ്നത്തിൽ പുഴത്തീരത്ത് വന്നിരിക്കാനും നിരവധി പേർ എത്താറുണ്ട്. പുഴപുറമ്പോക്കിൽ ഇടതൂർന്ന മരങ്ങൾക്കിടയിൽ വിശ്രമിക്കാൻ പറ്റുന്ന സ്ഥലങ്ങളുണ്ട്. പുഴയ്ക്ക് മറുഭാഗത്ത് ചെറിയ തുരുത്തും കാണാം. തൊട്ടടുത്ത് വനംവകുപ്പിന്റെ ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രവുമുണ്ട്. കയാക്കിങ് മത്സരം നടത്തുന്നത് ഗ്രാമീണ ടൂറിസത്തിന് വലിയ മുതൽക്കൂട്ടാകും.