തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതിയും കന്യാകുമാരി വള്ളമഠം സ്വദേശിയുമായ രാജേന്ദ്രനോടുള്ള ഭയംകൊണ്ട് അയാൾ താമസിച്ചിരുന്ന മുറിക്ക് സമീപത്ത് താമസിക്കാൻ ആൾക്കാർക്ക് ഭയമുണ്ടായിരുന്നെന്ന് സാക്ഷി. കാവൽക്കിണർ സ്വദേശി രാജദുരൈയാണ് ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനന് മുന്നിൽ മൊഴി നൽകിയത്. 2022 ഫെബ്രുവരി ആറിനാണ് പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണത്ത് സ്വദേശിനിയുമായ വിനീതയെ പ്രതി കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാല് പവന്‍ മാല കവരുന്നതിനു വേണ്ടിയാണ് പ്രതി കൊലപാതകം ചെയ്തതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2017-ൽ തമിഴ്‌നാട് ആരുവാമൊഴി സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യയെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയുമ്പോഴാണ് പ്രതി രാജദുരൈയുടെ കെട്ടിടത്തിൽ വാടകക്ക് താമസിച്ചിരുന്നത്. 2019 മുതൽ തന്റെ ലോഡ്ജിൽ താമസിച്ചിരുന്ന പ്രതി 2021 ഡിസംബറിൽ തിരുവനന്തപുരത്ത് ജോലി അന്വേഷിച്ച് പോകുന്നു എന്ന് പറഞ്ഞ് പോയി. പിന്നീട് 2022 ഫെബ്രുവരി 10ന് മടങ്ങിയെത്തി 9000 രൂപ വാടകയിനത്തിൽ തന്നത്. 11-ാം തീയതി കേരള പോലീസ് എത്തി രാജേന്ദ്രനെ പിടികൂടുകയും രാജേന്ദ്രന്റെ മുറി പരിശോധിക്കുകയും ചെയ്തു. മുറിയിൽനിന്ന് ബാരത് ഫൈനാൻസിൽ സ്വർണം പണയം വച്ച കാർഡും തിരുവനന്തപുരം പേരൂർക്കട ആശുപത്രിയിൽ ചികിത്സിച്ച രേഖകളും കണ്ടെടുത്തു. പോലീസ് രാജേന്ദ്രൻ തനിക്ക് നൽകിയ വാടക മടക്കി വാങ്ങിയതായും സാക്ഷി മൊഴി നൽകി.
2022 ഫെബ്രുവരി ഏഴിന് വൈകുന്നേരം മൂന്നിന് ബാങ്കിൽ എത്തിയ രാജേന്ദ്രൻ 32,000 രൂപ സൗരായ സേതു മാർക്കറ്റിങ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപിച്ചു. വലത് കൈയിൽ പരിക്ക് ഉണ്ടായിരുന്നതിനാൽ ബാങ്കിൽ എത്തിയ മറ്റൊരു ഇടപാടുകാരനെ കൊണ്ടാണ് പേ സ്ലിപ്പ് എഴുതിച്ചതെന്നും തിരുെനൽവേലി പെരുങ്കുഴി ഇൻഡ്യൻ ബാങ്ക് മാനേജർ മയിൽവാഹനവും കോടതിയിൽ മൊഴി നൽകി.
രാജേന്ദ്രൻ ബാങ്കിൽ വരുന്നതും ഇടപാട് നടത്തുന്നതുമടക്കം 19 സി.സി.ടി.വി. ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചത് സാക്ഷി കണ്ട് തിരിച്ചറിഞ്ഞു. രാജേന്ദ്രൻ പണം അടയ്ക്കാൻ ഉപയോഗിച്ച പേ സ്ലിപ്പ് മാനേജർ കോടതിയിൽ ഹാജരാക്കി.
Tags:
Latest