✍🏿 *നിസാം കക്കയം*
ഗ്രാമ പഞ്ചായത്തിലെ 6,7 വാർഡുകളിൽ നിന്നുള്ള ഇരുനൂറിലധികം വരുന്ന ക്ഷീര കർഷകരുടെ ഒരു പതിറ്റാണ്ട് കാലമായുള്ള സ്വപ്നമാണ് ശനിയാഴ്ച മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്ത കല്ലാനോട് മിൽക് കലക്ഷൻ സെന്റർ. 2012 ഫെബ്രുവരി മാസത്തിലാണ് കല്ലാനോട് ക്ഷീര സംഘം തുടക്കം കുറിച്ചത്. പന്ത്രണ്ട് വർഷത്തിലധികം കല്ലാനോട് മേലെ അങ്ങാടിയിലെ വാടക കെട്ടിടത്തിൽ ആയിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. സംഘത്തിൽ കർഷകർ കൂടി വന്നപ്പോൾ വാടക കെട്ടിടത്തിലെ അസൗകര്യങ്ങൾ കാരണം നടത്തിപ്പിൽ പ്രയാസം നേരിട്ടിരുന്നു. മേഖലയിലെ ക്ഷീര കർഷകർക്ക് ആശ്രയമായ സംഘത്തിന്റെ പ്രവർത്തനം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് കല്ലാനോട് സെയ്‌ന്റ് മേരീസ് ഇടവക പുതിയ കെട്ടിടത്തിനാവശ്യമായ ആറ് സെന്റ് സ്ഥലം ദാനമായി നൽകിയത്. സ്ഥലം ലഭ്യമായതോടെ ഫണ്ട് കണ്ടെത്താനാവശ്യമായ നടപടികളിലേക്ക് കടക്കുകയായിരുന്നു. പതിനാറ് ലക്ഷം രൂപം ചെലവ് വന്ന കെട്ടിട നിർമ്മാണത്തിൽ 5.75 ലക്ഷം രൂപ സംഘത്തിന്റെ തനത് ഫണ്ട് തന്നെ ആയിരുന്നു. 3.75 ലക്ഷം രൂപ ക്ഷീര വികസന ഡിപ്പാർട്മെന്റും, 2.50 ലക്ഷം രൂപ മിൽമയും അനുവദിച്ചിരുന്നു. ബാക്കി തുക കല്ലാനോട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് സണ്ണി കാനാട്ടും, ഭരണസമിതി അംഗങ്ങളും കണ്ടെത്തുകയായിരുന്നു..