പേരാമ്പ്ര : വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ.യുമായി പേരാമ്പ്രയിൽ സഹോദരങ്ങളായ രണ്ടുപേർ അറസ്റ്റിലായി. പേരാമ്പ്ര പുറ്റംപൊയിലിൽ താമസിക്കുന്ന ചേനോളി സ്വദേശി കണിക്കുളങ്ങര യു.എം. അഫാജ് (25), സഹോദരൻ യു.എം. മുഹസിൻ (27) എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്രയിലെ പ്രധാന എം.ഡി.എം.എ. ലഹരി വിൽപ്പനക്കാരനാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. പേരാമ്പ്ര ലാസ്റ്റ് കല്ലോട് ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്ന എസ്.ഐ. പി. ഷമീറും സംഘവും കൈകാണിച്ചപ്പോൾ കാർ നിർത്താതെ പോവുകയായിരുന്നു.
കാർ പിൻതുടർന്നപ്പോൾ ലാസ്റ്റ് കല്ലോടുള്ള വർക്ക്ഷോപ്പിലേക്ക് ഓടിച്ചുകയറ്റി. പിന്നാലെയെത്തിയ പോലീസുമായി ബലപ്രയോഗം നടത്തിയ ഇരുവരെയും ഡിവൈ.എസ്.പി.യുടെ
ലഹരിവിരുദ്ധസ്ക്വാഡും പേരാമ്പ്ര പോലീസും ചേർന്ന് കീഴടക്കുകയായിരുന്നു.
പരിശോധനയിൽ 5.288 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
നേരത്തേ സമാനമായ കേസുകളിൽ പിടിക്കപ്പെട്ട പ്രതികൾക്ക് എം.ഡി.എം.എ. ലഭിക്കുന്നത് ഇവരിൽനിന്നാണെന്ന് പോലീസിന് വിവരംലഭിച്ചിരുന്നു. കുറച്ചുകാലമായി പോലീസ് ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. വാടകവീടുകളിൽ മാറിത്താമസിച്ചും മൊബൈൽ നമ്പർ മാറ്റിയും ദിവസവും കാറുകൾ മാറ്റി ഉപയോഗിച്ചും പോലീസിനെ ഇവർ കബളിപ്പിച്ചിരുന്നു. അഫ്‌നാജ് നേരത്തേയും കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു
Tags:
Latest