✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് : ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പുരസ്‌കാരത്തിന് കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി സജി എം നരിക്കുഴി അർഹനായി. മഹാത്മാ ഗാന്ധിയാൽ സ്ഥാപിതമായ ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ ചെന്നൈയിൽ നടന്ന 83-)മത് ബിരുദ ദാന സമ്മേളനത്തിൽ കേന്ദ്ര തുറമുഖ - ജലഗതാഗത വകുപ്പ് മന്ത്രി
സർബാനന്ദ സോനോവാൾ സജിക്ക് അവാർഡും പ്രശസ്തി പത്രവും കൈമാറി. മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, തെലുങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സാഹിത്യകാരൻമാർക്കാണ് പുരസ്‌കാരം ലഭിച്ചത്. മുൻ കേന്ദ്രമന്ത്രിയും, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പ്രസിഡന്റുമായ വി.മുരളീധരന്റെ സാന്നിധ്യത്തിലാണ് പുരസ്‌കാരം കൈമാറിയത്.
വിത്ത്, ചെപ്പ്, സ്ത്രീ ഭാരത ശ്രീ, വേര്, വാക്ക് എന്നിങ്ങനെ ശ്രദ്ധേയമായ രചനകള്‍ സജിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2005ൽ പ്രസിദ്ധീകരിച്ച വ്യക്തിത്വ വികാസ ഗ്രന്ധമായ 'വിത്ത്' 16000 കോപ്പികൾ വിറ്റഴിച്ചിരുന്നു. അവസാനമിറങ്ങിയ പ്രസിദ്ധീകരണമായ 'വാക്ക്' കന്നഡ ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും സാമൂഹ്യ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും സൈക്കോളജിക്കൽ കൗൺസിലിംഗിൽ പി.ജി.ഡിപ്ലോമ. രാജേന്ദ്ര പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റിൽ നിന്നും ഇൻഡസ്ട്രിയൽ റിലേഷൻസ് ആന്റ് പേഴ്സണൽ മാനേജ് മെൻ്റിൽ പി.ജി.ഡിപ്ലോമ. ഐ.സി.ടി.എ കൊച്ചിയിൽ നിന്നും ടി.എയിലും കൗൺസിലിംഗിലും ബി.ടി.എ ബിരുദം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
കില തൃശ്ശൂർ, കിർത്താഡ്‌സ് കോഴിക്കോട്, മിൽമ, ട്രോമ കെയർ കോഴിക്കോട്, ഒ.ആർ.സി കോഴിക്കോട് തുടങ്ങിയ സ്ഥാപനങ്ങളുടെ ഗസ്റ്റ് ഫാക്കൽറ്റിയായും, സ്‌കൂളുകൾ, കോളേജുകൾ, കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങൾ, വിവിധ ഗവൺമെന്റ് ഡിപ്പാർട്ടുമെൻ്റുകളുടെ പരിശീലകനായും, കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മാനുഷ സ്‌കൂൾ ഓഫ് സോഷ്യൽ റിസർച്ച് ആൻ്റ് എച്ച്.ആർ.ഡി.യിൽ പരിശീലന വിഭാഗം മേധാവിയായും സേവനം ചെയ്യുന്നുണ്ട്. ഭാര്യ : ജിജി ജോർജ് (മുക്കം ഡോൺ ബോസ്‌കോ കോളേജ് വൈസ് പ്രിൻസിപ്പൽ), മക്കൾ :അശ്വിൻ ജി സജി, ആൽവിൻ ജി സജി