വരും മണിക്കൂറുകളിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ മഴയെത്തും; സംസ്ഥാനത്ത് അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, ഒരു ജില്ലകളിലും ഇന്നും നാളെയും ജാഗ്രതാ നിർദ്ദേശങ്ങളില്ല.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിലും മഴയെത്തുന്നത്. ന്യൂനമർദം നാളെയോടെ കരതൊടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വ്യാഴാഴ്ച 8 ജില്ലകളിലാണ് യെല്ലോ അലേർട്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ശകത്മായ മഴയെത്തും. വെള്ളിയാഴ്ച 9 ജില്ലകളിലാണ് അലേർട്ടുള്ളത്.
അതേ ദിവസം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ മഴയെത്തും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരള തീരത്തും വെള്ളിയാഴ്ച ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ തീരങ്ങളിൽ മണിക്കൂറിൽ 35 – 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.