Trending

വെറ്ററിനറി ആംബുലൻസ് സേവനം വീട്ടുപടിക്കലെത്തും : ജെ.ചിഞ്ചുറാണി



✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് :ക്ഷീരകർഷകരുടെ വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്നതിനായി സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും വെറ്ററിനറി ആംബുലൻസ് സംവിധാനം ഒരുക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കൂരാച്ചുണ്ട് പഞ്ചായത്ത് കല്ലാനോടിൽ ബാലുശ്ശേരി ബ്ലോക്ക് ക്ഷീര സംഗമവും, കല്ലാനോട്‌ മിൽക് കലക്ഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യ ഘട്ടത്തിൽ 29 ബ്ലോക്ക്‌ പഞ്ചായത്തുകളിൽ വെറ്ററിനറി ആംബുലൻസുകൾ നൽകി. എല്ലാ വെറ്ററിനറി സെന്ററുകളിലും ഇത്തരത്തിലുള്ള ആംബുലൻസുകൾ ഭാവിയിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. 1962 എന്ന നമ്പറിൽ കോൾ സെന്ററിലേക്ക് വിളിച്ചാൽ ആംബുലൻസും ഡോക്ടറും കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. മൃഗസംരക്ഷണ സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കാൻ എ-ഹെൽപ് പദ്ധതിക്കും തുടക്കമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കെ.എം.സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ ക്ഷീര വികസന വകുപ്പ് ഡയറക്ടർ സുരേഖ നായർ പദ്ധതി വിശദീകരണം നടത്തി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത മുഖ്യാതിഥി ആയിരുന്നു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി, സ്ഥിരം സമിതി ചെയർപേഴ്‌സൺ എം.കെ.വനജ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ.അമ്മദ്, ഗ്രാമ പഞ്ചായത്തംഗം അരുൺ ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം സഹീർ മാസ്റ്റർ, ബാലുശ്ശേരി ക്ഷീര വികസന ഓഫീസർ പി.കെ.ആബിദ എന്നിവർ സംസാരിച്ചു.

കന്നുകാലി പ്രദർശനം, സെമിനാറുകൾ, എക്‌സിബിഷൻ, ഗോ രക്ഷാ ക്യാമ്പ്, ക്ഷീര കർഷകരെ ആദരിക്കൽ, ക്ഷീര സാന്ത്വനം ഇൻഷുറൻസ് ക്യാമ്പയിൻ, സമ്മാന കൂപ്പൺ നറുക്കെടുപ്പ്, സമ്മാന വിതരണം എന്നിവ നടത്തി.

Post a Comment

Previous Post Next Post