കാസർകോട്: കാസർകോട് 15 വയസുള്ള പെൺകുട്ടിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് സംഭവിച്ച വീഴ്ച്ചയ്ക്കെതിരെ വ്യാപക വിമർശനം. പെൺകുട്ടിയെ കാണാതായി 26 ദിവസം കഴിഞ്ഞിട്ടും പോലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് വിമർശനം ഉയരുന്നത്.
കുട്ടി അയൽവാസിയുമായി ഒളിച്ചോടിയെന്നാണ് കഥകൾ പരന്നിരുന്നത്. കുടുംബവും ബന്ധുക്കളും പറഞ്ഞതനുസരിച്ച് ഇരുവരും മുംബൈയിലേക്ക് ഉൾപ്പെടെ പോയി എന്ന ചർച്ചകൾ പോലീസും വിശ്വസിക്കുകയായിരുന്നു. ഇവരുടെ ടവർ ലൊക്കേഷൻ കണ്ടുപിടിക്കുകയും ഡ്രോൺ പരിശോധന നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഒരു തുമ്പും കണ്ടെത്താനായിരുന്നില്ല.
പോസ്കോ കേസ് ആയിട്ടുപോലും പോലീസ് വേണ്ട രീതിയിൽ എടുത്തില്ല. ടവർ ലൊക്കേഷൻ നിസാരവൽക്കരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പ് ഇടപെട്ടതോടെയാണ് പോലീസ് ഊർജ്ജിതമായി വിഷയം അന്വേഷിക്കുന്നത്. ടവർ ലൊക്കേഷൻ കണ്ടെത്തിയിട്ടും പോലീസ് കാര്യക്ഷമമായി അന്വേഷിക്കാതിരുന്നത് ഗുരുതരമായ വീഴ്ച്ചയാണ്. അവിടെ നിന്നും മൃതദേഹമെങ്കിലും കണ്ടെത്താൻ പോലും കഴിയാതിരുന്നത് പോലീസിന് വീഴ്ച്ച പറ്റിയതിന് തെളിവാണിത്.
രൂക്ഷമായ ഗന്ധം ഉണ്ടാവാൻ സാധ്യതയുണ്ടായിരുന്നിട്ടും പോലീസ് നായകളെ പോലും ഉപയോഗിച്ച് ഒരു തുമ്പും കണ്ടെത്താൻ ശ്രമിച്ചില്ല. വളരെ വൈകിയാണ് പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നതും. ആദ്യഘട്ടത്തിൽ അന്വേഷണം ഊർജ്ജിതമായി നടത്തിയില്ല, ടവർ ലൊക്കേഷൻ വരെ കണ്ടെത്തിയിട്ടും തിരച്ചിൽ കാര്യക്ഷമമാക്കിയില്ല, പോലീസിൻ്റെ നിസാരവൽക്കരണമാണ് ഇത്രയും വൈകിയത് എന്നിങ്ങനെയാണ് വിമർശനം. പെൺകുട്ടിയുടെയും പ്രദീപിൻ്റെയും അവസാന മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ച പ്രദേശത്ത് നിന്ന് തന്നെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗ സ്വദേശികളായ ദമ്പതികളുടെ മകളായ 15കാരിയെ മൂന്നാഴ്ച മുമ്പാണ് കാണാതായത്.
ഇന്ന് രാവിലെ മുതൽ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഫെബ്രുവരി 12 മുതലാണ് പെണ്‍കുട്ടിയെ കാണാതായെന്ന് മാതാപിതാക്കള്‍ പരാതി നൽകിയത്.
ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഏക്കറുകളോളം വ്യാപിപ്പിച്ചുകിടക്കുന്ന പ്രദേശമാണിത്. തോട്ടത്തിലെ ഉള്‍ഭാഗങ്ങളിലാണ് കൂടുതൽ തെരച്ചിൽ നടത്തിയിരുന്നതെന്നും നേരത്തെ ഈ ഭാഗത്ത് തെരച്ചിൽ കാര്യമായി നടത്തിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കാണാതായതിനൊപ്പം അയൽവാസിയായ യുവാവിനെയും കാണാതായിരുന്നു. കാണാതായി 26 ദിവസത്തിനുശേഷമാണിപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണ്‍ ലോക്കേഷൻ നോക്കിയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണും കത്തിയുമടക്കം കണ്ടെടുത്തു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ആദ്യം കാണാതായെന്ന പരാതി ഉയരുകയും പിന്നീട് ദിവസങ്ങള്‍ക്കുശേഷം വീടിന് സമീപത്തെ ഗ്രൗണ്ടിനോട് ചേര്‍ന്ന് മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുകയാണ്.
Tags:
Latest