Trending

വിടവാങ്ങിയത് നാട്ടുകാരുടെ സ്വന്തം 'മാഷ്'




✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് : റിട്ട.ഇറിഗേഷൻ പി.ഡബ്യു.ഡി ഉദ്യോസ്ഥനാണെങ്കിലും 'മാഷ്' എന്നായിരുന്നു തിങ്കളാഴ്ച വിട വാങ്ങിയ മണലോടിയിൽ ജോസഫ് ജോൺ നാട്ടിലാകെ അറിയപ്പെട്ടിരുന്നത്. നാടിന് ഒരുപിടി നല്ല ഓർമ്മകൾ ബാക്കിവെച്ചാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. നാലാം വയസിൽ പോളിയോ ബാധിച്ച് രണ്ടു കാലുകൾക്കും ചലനശേഷിയില്ലാതെയായതുൾപ്പടെയുള്ള പ്രതിസന്ധികളെ സധൈര്യം നേരിട്ടാണ് ജോസഫ് ജോൺ ജീവിതത്തിൽ വിജയം കൈവരിച്ചത്.

ഹിസ്റ്ററിയിൽ ഗ്രാജുവേഷനും, സൈക്കോളയിൽ പോസ്റ്റ്‌ ഗ്രാജുവേഷനും നേടിയ ശേഷം ഇരുപത്തി അഞ്ചാം വയസിൽ കൂരാച്ചുണ്ട് ടോംസ് കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. കാലുകൾക്ക് ചലനശേഷിയില്ലാതിരുന്നിട്ടും ആരുടെയും സഹായമില്ലാതെ വടിയുടെ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റെ യാത്രകൾ. വടിയും കുത്തി പിടിച്ചു പഠിപ്പിക്കുന്ന ജോസഫ് ജോണിനെ വിദ്യാർഥികളും നാട്ടുകാരും സ്നേഹത്തോടെ 'വടി മാഷേ' എന്നായിരുന്നു വിളിച്ചു കൊണ്ടിരുന്നത്. അദ്ദേഹം ആ വിളി തന്റെ ന്യൂനതയായല്ല ഒരു ഐഡന്റിറ്റിയായാണ് കണ്ടിരുന്നത്.

കുറച്ച് വർഷങ്ങൾക്ക് ശേഷം പി.എസ്.സിയിലൂടെ ഇറിഗേഷനിലെ പി.ഡബ്യു.ഡി മെക്കാനിക്കൽ വിഭാഗത്തിൽ ജോലിക്ക് കേറിയെങ്കിലും സമയം കിട്ടുമ്പോഴെല്ലാം തന്റെ ഇഷ്ട തൊഴിലായ അധ്യാപനത്തിലേക്ക് അദ്ദേഹം തിരിഞ്ഞു നടക്കുമായിരുന്നു. പാരലൽ കോളേജിലെ അധ്യാപനത്തിനൊപ്പം കില, ടി.സി.ആർ.സി എന്നിവിടങ്ങളിലും ഫാക്വൽറ്റിയായിരുന്നു. നാൽപത് വർഷത്തിലധികമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിലുള്ളവർക്ക് ട്രെയിനിങ് നൽകുന്നതിലും അദ്ദേഹം സമയം കണ്ടെത്താറുണ്ടായിരുന്നു. സർവീസ് തലത്തിൽ നടത്തപ്പെട്ട നീന്തൽ മത്സരങ്ങളിൽ സംസ്ഥാനതല ചാമ്പ്യനായി അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. പ്രഭാഷകൻ, സംഘാടകൻ, പ്രാസംഗികൻ തുടങ്ങിയ വിവിധ മേഖലകളിൽ ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയ കരിയാത്തുംപാറയുടെ സാധ്യതകൾ മനസ്സിലാക്കി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജനത ടൂറിസം ക്ലബ്, സ്പോർട്സ് ക്ലബ്, ടാഗോർ ലൈബ്രറി എന്നിവിടങ്ങളിലൊക്കെ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post