പെരുവണ്ണാമൂഴി : ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് സീതപ്പാറയിൽ പന്നിഫാമിൽ അതിക്രമിച്ചുകയറി മൂന്നംഗസംഘത്തിന്റെ അക്രമം. ഗർഭിണികളായ വളർത്തുപന്നികളെ ഉൾപ്പെടെ ക്രൂരമായരീതിയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. പന്നികൾക്ക് ഒട്ടേറെ വെട്ടുകളേറ്റിട്ടുണ്ട്.
പുത്തൻപുരയിൽ തോമസിന്റെ (ടോമി) ഉടമസ്ഥതയിലുള്ള ഫാമിലാണ് പിക്കപ്പ് ജീപ്പിലെത്തിയവർ അക്രമം നടത്തിയത്. സംഭവത്തിൽ മുതുകാട് താന്നിക്കണ്ടി നിജിൽ (37), മുതുകാട് മഞ്ഞിലത്ത് അഭിഷേക് (23), പേരാമ്പ്ര മരുതോറച്ചാലിൽ അനുരാഗ് (31) എന്നിവരെ പെരുവണ്ണാമൂഴി പോലീസ് അറസ്റ്റുചെയ്തു. പന്നികളെ മോഷ്ടിക്കാൻ ശ്രമിച്ചതിനും മൃഗങ്ങളെ ആക്രമിച്ചതിനുമാണ് കേസ്.
മദ്യലഹരിയിലാണ് യുവാക്കളെത്തിയതെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ആറോടെയാണ് സംഭവം. മുപ്പതോളം പന്നികളുള്ള ഫാമിലാണ് അക്രമം നടന്നത്.
പന്നികളെ വടികൊണ്ട് അടിക്കുകയും പന്നിക്കുഞ്ഞുങ്ങളെ വലിച്ചെറിയുകയുംചെയ്‌് സംഘം ക്രൂരമായാണ് പന്നികളെ ആക്രമിച്ചതെന്ന് ഉടമ തോമസ് പറഞ്ഞു.
പന്നിയെ വണ്ടിയിൽ കെട്ടിവലിക്കാനും ശ്രമിച്ചു.
പന്നികളെ വണ്ടിയിൽ കയറ്റിക്കൊണ്ടുപോകാനാണ് ആദ്യം ശ്രമിച്ചത്.
ഇതുതടയാനെത്തിയ ജീവനക്കാരെ
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു.
നാട്ടുകാർ തടഞ്ഞുവെച്ച ഇവരെ പെരുവണ്ണാമൂഴി പോലീസെത്തി കസ്റ്റഡിയിലെടുത്തു.
ചക്കിട്ടപാറ വെറ്ററിനറി സർജൻ ഡോ. ജിത്തു ഫാമിലെത്തി പന്നികളെ പരിശോധിച്ച് ചികിത്സ നൽകി. സംഘമെത്തിയ വാഹനം ഫാമിലെ പറമ്പിൽ താഴ്ന്നുപോയതിനാൽ ഇവർക്ക് വാഹനമോടിച്ച് രക്ഷപ്പെടാനായില്ല. വണ്ടി പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
Tags:
Latest