Trending

പിടിമുറുക്കി ലഹരി മാഫിയ : നേരിടാനുറച്ച് അധികൃതർ



✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് : മലയോര മേഖല കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന സംഘം വിലസുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിൽ. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും, വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് പരാതി. നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും ദിനംപ്രതി വർധിക്കുകയാണ്. മുമ്പും ഇത്തരത്തിൽ പരാതി ഉയർന്നിരുന്നുവെങ്കിലും ഇപ്പോൾ ലഹരി വിപണനവും, ഉപയോഗവും കൂടിയ സാഹചര്യമാണുള്ളത്.

കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ കക്കയം, കല്ലാനോട്‌, പൂവത്തുംചോല, വട്ടച്ചിറ, എരപ്പാംതോട് തുടങ്ങിയയിടങ്ങളിളെല്ലാം വൈകുന്നേരങ്ങളിൽ അങ്ങാടി കേന്ദ്രീകരിച്ചു പരസ്യ മദ്യപാനവും ലഹരി വില്പനയും തകൃതിയായി നടക്കുന്നുണ്ട്.

അധ്വാനമില്ലാതെ എളുപ്പത്തില്‍ പണം സമ്പാദിക്കാനാകുമെന്നതിനാലാണ് ലഹരി വില്‍പ്പനയുമായി കുടുതല്‍ പേര്‍ രംഗത്തെത്തുന്നതിന് കാരണം. വിദ്യാർഥികളടക്കമുള്ള യുവാക്കൾ ഇവരുടെ വലയിലകപ്പെടുന്നതായാണ് സൂചന. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരമായി പരിശോധന നടത്താൻ എത്താത്തതും പ്രദേശത്ത് ലഹരി മാഫിയക്ക് സഹായകമാവുകയാണ്. കൂരാച്ചുണ്ടിലെ മിക്ക അങ്ങാടികളിലെയും തെരുവ് വിളക്കുകൾ കത്താത്തതും ലഹരി മാഫിയക്ക് അനുഗ്രഹമാവുകയാണ്. രാത്രി സമയങ്ങളിൽ പോലീസ് പെട്രോളിങ് കർശനമാക്കണമെന്നാണ് ആവശ്യമുയരുന്നത്. 

'ലഹരിക്കെതിരെ കർമ്മപദ്ധതിയുമായി കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത്'

ലഹരി ക്കെതിരെയുള്ള പ്രവർത്തനം ശക്തിപ്പെടുത്താൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വിളിച്ചു ചേർത്ത വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ, ക്ലബ് ഭാരവാഹികൾ, യുവജന സംഘടന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, പോലീസ് - എക്സൈസ് എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. വിവിധ കർമ്മ പദ്ധതികൾക്ക് യോഗം രൂപം നൽകി. ബഹുജന പങ്കാളിത്തത്തോടെ ബോധവൽക്കരണം ശക്തിപ്പെടുത്താനും എത്രയും വേഗത്തിൽ വാർഡ്‌ തല ജാഗ്രത സമിതികൾ രൂപവത്കരിക്കാനും തീരുമാനിച്ചു.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്‌പെക്ടർ കെ.വി.ബേബി, കൂരാച്ചുണ്ട് പോലീസ് ഇൻസ്‌പെക്ടർ കെ.പി.സുനിൽകുമാർ എന്നിവർ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.ഷാനവാസ്‌, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ പി.ബാബു, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി - വ്യാപാരി - യുവജന സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

'നടപടികൾ കർശനമാക്കുമെന്ന് പോലീസ്'

കൂരാച്ചുണ്ടിലേക്ക് ലഹരിയെത്തുന്ന കണ്ണികൾ, ലഹരിയുടെ ഉറവിടങ്ങൾ എന്നിവ കണ്ടെത്തി ശക്തമായ നടപടികൾ സ്വീകരിക്കാനുള്ള ശ്രമങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് കൂരാച്ചുണ്ട് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി.സുനിൽ കുമാർ അറിയിച്ചു. മുഴുവൻ വാർഡുകളിലും രൂപീകരിക്കുന്ന ജാഗ്രത സമിതികളിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പ് വരുത്തുമെന്നുംപരിശോധനകൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post